ബസ് സ്റ്റോപ്പുകൾ നീക്കണമെന്ന തീരുമാനം നടപ്പായില്ല, പൊലിഞ്ഞത് ഒരു ജീവൻ
തൊടുപുഴ: മോർ ജംഗ്ഷനിൽ അനധികൃത ഓട്ടോറിക്ഷാ സ്റ്റാൻഡും ബസ് സ്റ്റോപ്പും സൃഷ്ടിച്ച ഗതാഗത കുരുക്കിനെ തുടർന്നുണ്ടായ അപകടത്തിൽ പൊലിഞ്ഞത് ഒരു റിട്ട. എസ്.ഐയുടെ ജീവൻ. ഇന്നലെ രാവിലെ 10.22നാണ് തൊടുപുഴ മോർ ജംഗ്ഷനിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ പുറപ്പുഴ സ്വദേശി ചന്ദ്രൻ നാറാണത്ത് (62) മരിച്ചത്. തിരക്കേറിയ
നാല് പ്രധാന റോഡുകൾ ഒരുമിക്കുന്ന ഈ ജംഗ്ഷനിൽ പുതിയ കെ.എസ്.ആർ.ടി.സി ഡിപ്പോ കൂടി പ്രവർത്തനം ആരംഭിച്ചതോടെ കുരുക്ക് അതിരൂക്ഷമായി. ട്രാഫിക് സിഗ്നലിന് സമീപത്തെ മൂപ്പിൽക്കടവ്, കോതായിക്കുന്ന്, ഇടുക്കി റോഡ് ബസ് സ്റ്റോപ്പുകൾ നിലവിലുള്ള സ്ഥലത്ത് നിന്ന് 20 മീറ്റർ മുന്നോട്ടു നീക്കാൻ മാർച്ചിൽ ചേർന്ന ഗതാഗത ഉപദേശക സമിതി തീരുമാനമെടുത്തെങ്കിലും രണ്ട് മാസം കഴിഞ്ഞിട്ടും നടപ്പായില്ല. കഴിഞ്ഞ മാസം ചേർന്ന നഗരസഭാ കൗൺസിൽ ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തതാണ്. ബസുകൾ നിലവിലുള്ള സ്റ്റോപ്പിൽ നിറുത്തുമ്പോൾ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതുമൂലമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് മാറ്റത്തിന് നഗരസഭാ കൗൺസിൽ യോഗം അംഗീകാരം നൽകിയത്. തീരുമാനം നടപ്പിലാക്കാൻ പൊലീസിനും ആർ.ടി ഓഫീസിനും നഗരസഭാ ചെയർമാൻ നിർദേശവും നൽകിയിരുന്നു. എന്നാൽ കുരുക്കുണ്ടാക്കുംവിധം ബസുകൾ പഴയപടി ജംഗ്ഷനിൽ തന്നെ നിറുത്തുന്നത് തുടർന്നു. ബസുടമകളെ ഇക്കാര്യം അറിയിച്ചിരുന്നെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിന് പുറമെയാണ് ഈ ഭാഗത്ത് റോഡിനിരുവശത്തുമുള്ള അനധികൃത ഓട്ടോറിക്ഷാ സ്റ്റാൻഡ്. പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഇവിടെ പ്രവർത്തിച്ചിരുന്നപ്പോൾ ഇടുക്കി റോഡിൽ മാത്രമാണ് ഓട്ടോ സ്റ്റാൻഡ് ഉണ്ടായിരുന്നത്. ഇപ്പോൾ പുതിയ ഡിപ്പോ പ്രവർത്തനം ആരംഭിച്ചതോടെ മൂപ്പിൽക്കടവ് റോഡിൽ പാലത്തിനു സമീപവും ഇടുക്കി റോഡിനോടു ചേർന്നുമാണു പുതിയ ഓട്ടോ സ്റ്റാൻഡുകൾ രൂപം കൊണ്ടിരിക്കുന്നത്. ഇവിടെ ബസ് നിറുത്തുമ്പോൾ യാത്രക്കാരെ ഓട്ടോയിലേക്കു കയറ്റുന്നതിനാണ് ഇത്തരത്തിൽ ഓട്ടോകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്. ഇതു ഗതാഗതതടസം ഉണ്ടാക്കുന്നതിനു പുറമേ അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. കിഴക്കൻ പ്രദേശത്തേക്കുള്ള എല്ലാ ബസുകളും കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്കുള്ള ബസുകളും ഇതുവഴിയാണു കടന്നുപോകുന്നത്. ഈ റോഡിലാണു രണ്ടിടത്ത് ഓട്ടോ സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. ഇടുക്കി റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കു സമീപമുള്ള ഓട്ടോ സ്റ്റാൻഡ് നേരത്തേ മുതൽ ഉള്ളതാണ്. ഇവിടെ ഓട്ടോകൾ കൂടുതലായി റോഡിലേക്ക് ഇറക്കി പാർക്ക് ചെയ്യുന്നതു ഗതാഗത തടസത്തിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ഓട്ടോറിക്ഷകൾ ടാർ റോഡിൽ നിന്ന് ഒന്നര മീറ്റർ മാറ്റി വേണം പാർക്ക് ചെയ്യാൻ എന്നു ഹൈക്കോടതി ഉത്തരവ് ഉള്ളതാണ്. എന്നാൽ നഗരത്തിൽ പലയിടത്തും റോഡിൽ തന്നെയാണു പാർക്കിങ്. മാത്രമല്ല പല ഓട്ടോകൾക്കും നഗരസഭയുടെ ടി.എം നമ്പർ ഇല്ല. അതുപോലെ പ്രദേശത്തു ചില വ്യാപാര സ്ഥാപനങ്ങൾക്കു മുമ്പിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നിയന്ത്രണമില്ലാതെ റോഡിലേക്ക് ഇറക്കുകയും കയറ്റുകയും ചെയ്യുന്നതു ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്.