പീരുമേട്: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ ധനസഹായത്തോടെ നടത്തപ്പെടുന്ന നാഷണൽ സർവീസ് സ്‌കീം ദേശീയോദ്ഗ്രഥന ക്യാമ്പിന് പീരുമേട് ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിൽ തുടക്കമായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ക്യാമ്പ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോളേജിൽ നടന്ന യോഗം വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എൻ.എസ്.എസ്. ഓഫീസർ ഡോ. അൻസർ ആർ.എൻ, കേരളലക്ഷദ്വീപ് റീജണൽ ഡയറക്ടർ ജി ശ്രീധർ, സാങ്കേതിക സർവകലാശാല എൻ എസ് എസ് സെൽ പ്രോഗ്രാം കോർഡിനേറ്റർ ഡോ. ജോയ് വർഗീസ് വി എം, എംബിസി സിഇടി ഡയറക്ടർ പ്രിൻസ് വർഗീസ്, എംബിസി സിഇടി പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള, ക്യാമ്പ് കോർഡിനേറ്റർമാരായ ഡോ.സുനീഷ് പി.യു, ദർശന എസ് ബാബു എന്നിവർ സംസാരിച്ചു. രാജ്യത്തെ യുവാക്കൾക്ക് ദേശീയോദ്ഗ്രഥനത്തിന്റെ വികാരവും വിവിധ സംസ്‌കാരങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കലുമാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. 21 വരെ നടക്കുന്ന ക്യാമ്പിൽ കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, വെസ്റ്റ് ബംഗാൾ, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സർവ്വകലാശാലകളിൽ നിന്ന് തിരഞ്ഞെടുത്ത 200 എൻഎസ്എസ് വോളണ്ടിയർമാരും 10 പ്രോഗ്രാം ഓഫീസർമാരുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.