road
അപകട ഭീഷണിയിലായ ഇടുക്കി റോഡിലെ കരിപ്പിലങ്ങാട് ഹെയർപിൻ വളവിന് സമീപത്ത് നിർമ്മിച്ച സംരക്ഷണഭിത്തി

മൂലമറ്റം: ഇടുക്കി റോഡിലെ കരിപ്പിലങ്ങാട് ഹെയർപിൻ വളവിന് സമീപത്ത് നിർമ്മിച്ച സംരക്ഷണഭിത്തി വൻ അപകട ഭീഷണി ഉയർത്തുന്നു. നിർമ്മാണം പൂർത്തിയായെങ്കിലും നിലവിലുണ്ടായിരുന്ന ഭാഗത്തിനും പുതിയ സംരക്ഷണ ഭിത്തിക്കും ഇടയിലുള്ള വലിയ വിടവിൽ മണ്ണിട്ട് നികത്തിയിട്ടില്ല. കനത്ത മഴയെ തുടർന്ന് ശക്തമായ വെള്ളപ്പാച്ചിൽ റോഡിലൂടെയൊഴുകി ഈ വിടവിലേക്കാണ് പതിക്കുന്നത്. ഇത് സംരക്ഷണ ഭിത്തിയുടെ ബലക്ഷയത്തിന് ഇടയാക്കിയിട്ടുണ്ട്. ഏത് നിമിഷവും സംരക്ഷണ ഭിത്തി ഇടിഞ്ഞ് പ്രദേശത്ത് മലയിടിച്ചിലുണ്ടാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു. മണ്ണിടിച്ചിലുണ്ടായാൽ വെള്ളിയാമറ്റം പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുന്ന കൊളപ്രം ഭാഗത്തേക്കാണ് ഇത് പതിക്കുക. സംരക്ഷണ ഭിത്തിക്ക് താഴെയായി അഞ്ച് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടാകുമെന്ന ഭീതിയെ തുടർന്ന് ഇവിടുത്തെ താമസക്കാരോട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി താമസിക്കണമെന്ന് നിർദ്ദേശം നൽകിയതായി ഗ്രാമപഞ്ചായത്തംഗം രാജി ചന്ദ്രശേഖരൻ പറഞ്ഞു. മറ്റ് താമസ സ്ഥലം ലഭിക്കാത്തവർക്കായി കരിപ്പിലങ്ങാട് ഗവ. ട്രൈബൽ എൽ.പി സ്‌കൂളിൽ ഇതിനായുള്ള സജ്ജീകരണം നടത്തിയിട്ടുണ്ടെന്നും പഞ്ചായത്തംഗം അറിയിച്ചു. റോഡിലെ വളവിനോട് ചേർന്നുള്ള ഭാഗത്താണ് ഈ നിർമ്മാണ പ്രവർത്തനം. മണ്ണിട്ട് നികത്താത്തതിനാൽ ഇവിടെ റോഡിന് വീതി കുറവാണ്. വശം കൊടുക്കാനാവാത്തതിനാൽ ഒറ്റ വരിയായി മാത്രമാണ് ഇതുവഴി വാഹനം കടന്ന് പോകുകയുള്ളൂ. കഴിഞ്ഞ ദിവസം ഇന്ധനവുമായെത്തിയ കൂറ്റൻ ടാങ്കർ ലോറി ഇതേ സ്ഥലത്ത് അപകടത്തിൽപ്പെട്ടിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന വാഹനത്തിന് വശം കൊടുക്കുന്നതിനിടെ നിർമ്മാണത്തിനായി മണ്ണെടുത്ത ഭാഗത്തേക്ക് ടാങ്കർ ലോറി തെന്നി നീങ്ങുകയായിരുന്നു. തലനാരിഴക്കാണ് അന്ന് വാഹനം അഘാത കൊക്കയിലേക്ക് പതിക്കാതിരുന്നത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ മണ്ണ് മാന്തി യന്ത്രവും ക്രെയിനും ഉപയോഗിച്ചാണ് ടാങ്കർ ലോറി റോഡിലേക്ക് തിരികെ കയറ്റിയത്. മാസങ്ങളായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് ഇവിടെ ഗതാഗത കുരുക്കും പതിവാണ്. ജില്ലാ ആസ്ഥാനത്തേക്ക് അടക്കമുള്ള പ്രധാന റോഡായതിനാൽ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. പൊതുമരാമത്ത് വകുപ്പ് അധികൃതർ ഇടപെട്ട് എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി റോഡിലെ അപകടാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.