മുട്ടം: ശങ്കരപ്പള്ളിയിൽ ബസ് നിയന്ത്രണം തെറ്റി റോഡിൽ വട്ടം തിരിഞ്ഞ് ചതുപ്പിലേക്ക് വീണു. ഇന്നലെ രാവിലെ 10.20 നാണ് സംഭവം. കട്ടപ്പനയിൽ നിന്ന് തൊടുപുഴക്ക്‌ വന്ന സ്വകാര്യ ബസാണ് നിയന്ത്രണം തെറ്റി ശങ്കരപ്പള്ളി പാലത്തിലും പിന്നീട് റോഡരുകിൽ കിടന്നിരുന്ന കുടയത്തൂർ സ്വദേശിയുടെ ഗുഡ്സ് ഓട്ടോറിക്ഷയിലും ഇടിച്ച് റോഡിൽ വട്ടം തിരിഞ്ഞ് ചതുപ്പിലേക്ക് വീണത്. ഓട്ടോറിക്ഷയിൽ ആരും ഇല്ലായിരുന്നു. പാലത്തിന് തൊട്ട് താഴെ ശങ്കരപ്പള്ളി തോടാണ്. ചതുപ്പിനോട്‌ ചേർന്ന് ഏകദേശം 30 അടി താഴെ മലങ്കര ജല സംഭരണിയിലെ വെള്ളക്കെട്ടാണ്. ചതുപ്പിൽ ബസ് നിന്നതിന് തൊട്ട് മുകളിലായി വൈദ്യുതി ലൈനും കടന്ന് പോകുന്നുണ്ട്. ശങ്കരപ്പിള്ളി അന്നപൂർണേശ്വരീ ക്ഷേത്രത്തിലെ ഉത്സവ പരിപാടിയിൽ പങ്കെടുത്ത് തിരികെ റോഡിലൂടെ നടന്ന് വരികയായിരുന്ന കോളപ്ര സ്വദേശി ശശി ബസ് നിയന്ത്രണം വിട്ട് വരുന്നത് കണ്ട് ഓടി മാറിയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ബസ്സിനും ഓട്ടോറിക്ഷക്കും സാരമായ കേട് സംഭവിച്ചു. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. മുട്ടം സ്റ്റേഷൻ എസ് എച്ച് ഒ വി ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും നാട്ടുകാരും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി.

അപകടങ്ങൾ പതിവ്

തൊടുപുഴ - മൂലമറ്റം - കുളമാവ് റൂട്ടിൽ അടുത്ത നാളുകളിലായി വാഹനാപകടങ്ങൾ വർദ്ധിക്കുകയാണ്. ഏഴാംമൈൽ ജംങ്ഷനിൽ കെ എസ് ആർ ടി സി ബസ് റോഡിൽ നിന്നും വഴുതി പിക്കപ്പ് ജീപ്പിൽ ഇടിച്ചത് അടുത്തിടെയാണ്. ശങ്കരപ്പിള്ളി ഫോറസ്റ്റ് ഓഫീസിന് സമീപം കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച്ചയും ശങ്കരപ്പള്ളി പാലത്തിന് സമീപം റോഡരുകിലുള്ള മരത്തിൽ ഇടിച്ച് സ്വകാര്യ ബസ് അപകടത്തിൽപെടുകയും ഏതാനും യാത്രക്കാർക്ക് സരമായായി പരിക്ക് പറ്റുകയും ചെയ്തു. മ്രാല കവലക്ക് സമീപം വളവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിൽകെട്ട് തകർത്ത് വാഹനങ്ങൾ പുഴയുടെ തീരത്തേക്ക് മറിഞ്ഞ് അപകടങ്ങൾ സംഭവിക്കുന്നത് തുടർ സംഭവങ്ങൾ ആവുകയാണ്. കഴിഞ്ഞ ദിവസവും ഇവിടെ കാർ അപകടത്തിൽപെട്ടിരുന്നു. ലഹരി വസ്തുക്കൾ ഉപയോഗിച്ചതിന് ശേഷമുള്ള ഡ്രൈവിങ്ങ്, മഴക്കാലം, വാഹനങ്ങളുടെ മരണപ്പാച്ചിൽ ഇതൊക്കെയാണ് അപകട കാരണങ്ങൾ എന്ന് പറയുന്നുണ്ടെങ്കിലും റോഡ് നവീകരണത്തിലെ അപാകതയും വില്ലനാവുകയാണ്. റോഡ് നവീകരിക്കുമ്പോൾ കൂടുതൽ മിനുസപ്പെടുത്തുന്നതാണ് പ്രശ്നമാകുന്നത്. ഇതേ തുടർന്ന് റോഡിലെ ഗ്രിപ്പ് കുറയുകയും ബ്രെക്ക് പിടിച്ചാൽ വാഹനങ്ങൾ തെന്നി മാറുകയും ചെയ്യുകയാണെന്ന് ഡ്രൈവർമാർ പറയുന്നു. അടുത്ത നാളിൽ നവീകരണം നടത്തിയ മുട്ടം - കുളമാവ് റൂട്ടിലും ഈ പ്രശ്നമുണ്ടെന്ന് ജനങ്ങൾ പറയുന്നു.