തൊടുപുഴ: ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലെ അതിർത്തി നിർണയിക്കാൻ സ്ഥാപിച്ച കോൺക്രീറ്റ് കാലുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ. തൊടുപുഴ സബ് ആർ.ടി.സി ഓഫീസിന് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനായി കോലാനിയിൽ എം.വി.ഐ.പി മോട്ടോർ വാഹന വകുപ്പിന് കൈമാറിയ സ്ഥലത്ത് അതിർത്തി നിർണയിക്കാൻ നാട്ടിയ പോസ്റ്റുകളാണ് നശിപ്പിച്ചത്. ഇന്നലെ രാവിലെ ഡ്രൈവിങ് ടെസ്റ്റിന് ചെന്നവരാണ് കോൺക്രീറ്റ് കാലുകൾ തകർത്ത് തൊട്ടടുത്തുള്ള കനാലിൽ എറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ടെസ്റ്റ് നടത്തുമ്പോൾ അപകടം ഉണ്ടാകാതെ കെട്ടിയിരുന്ന റോപ്പ് ബാരിയറും കാണാനില്ല. അന്വേഷണം ആവശ്യപ്പെട്ട് തൊടുപുഴ ജോയിന്റ് ആർ.ടി.ഒ തൊടുപുഴ ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. നേരത്തെ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി (എം.വി.ഐ.പി) അധികൃതർ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ മോട്ടോർവാഹന വകുപ്പിന് കൈമാറിയ സ്ഥലത്തിന്റെ ഒരു ഭാഗം കളിസ്ഥലമാണെന്ന് അവകാശപ്പെട്ട് ചിലർ രംഗത്തെത്തിയത് തർക്കത്തിനിടയാക്കിയിരുന്നു. തുടർന്ന്, തൊടുപുഴ സി.ഐയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഈ കല്ലുകളാണ് അജ്ഞാതർ തകർത്ത് കനാലിലെറിഞ്ഞത്. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.