കട്ടപ്പന :ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസുകളിൽ രണ്ടു പേർകൂടി വണ്ടൻമേട് പൊലീസിന്റെ പിടിയിൽ .മുൻ പഞ്ചായത്തംഗം ഉൾപ്പെട്ട എം ഡി എം എം കേസുമായി ബന്ധപ്പെട്ട് ഒരാളും ,കഴിഞ്ഞ മാസം 26 ന് ലഹരി മരുന്നുകളുമായി പുളിയൻമലയിൽ നിന്നും യുവാവ് അറസ്റ്റിലായ കേസിൽ മറ്റൊരാളെയുമാണ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് പാലാഴി വടക്കേകോമളശേരി ശിതിൽ(26),കോഴിക്കോട് പാലാഴി വടക്കേച്ചാലിൽ അശ്വിൻ(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എംഡിഎംഎ, എൽഎസ് ടി സ്റ്റാംപ്,ഹഷീഷ് ഓയിൽ എന്നിവ വിൽപ്പന നടത്താനായി എത്തിച്ചപ്പോൾ പിടിയിലായ കോഴിക്കോട് സ്വദേശി അർജുൻ ഹരിദാസുമായി ലഹരി ഇടപാട് ഉള്ളയാളാണ് ശിതിൽ.ഭർത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ വണ്ടൻമേട് പഞ്ചായത്തംഗമായിരുന്ന സൗമ്യ ഏബ്രഹാമിന് എംഡിഎംഎ എത്തിച്ചതുമായി ബന്ധപ്പെട്ടാണ് അശ്വിൻ പിടിയിലായത്. കോഴിക്കോടു നിന്ന് എംഡിഎംഎ എറണാകുളത്ത് എത്തിച്ചത് ഇയാളാണ്.ഈ കേസിൽ മുൻപ് പിടിയിലായ ഷെഫിൻഷായ്ക്കാണ് അശ്വിൻ എറണാകുളത്ത് വച്ച് എംഡിഎംഎ കൈമാറിയത്. ഇയാൾ അത് സൗമ്യയുടെ കാമുകന് കൈമാറുകയായിരുന്നു.വണ്ടൻമേട് സിഐ വി.എസ്.നവാസ്, ഡാൻസാഫ് അംഗങ്ങളായ മഹേശ്വരൻ, ജോഷി, ഷിജുമോൻ എന്നിവർ അടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്.