മുട്ടം: തോട്ടുങ്കര ഭാഗത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. പാലാ, ഈരാറ്റ്പേട്ട ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് വേണ്ടി വർഷങ്ങൾക്ക് മുൻപ് ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചെങ്കിലും വശങ്ങളിലെ തൂണുകൾ ഒഴികെ ബാക്കിയെല്ലാം കാലപ്പഴക്കത്താൽ നശിച്ചു. തൊടുപുഴ, പാലാ, ഈരാറ്റ്പേട്ട ഭാഗങ്ങളിക്ക് നിത്യവും നൂറ് കണക്കിന് ആളുകളാണ് ഇവിടെ നിന്ന് ബസ്സുകളിൽ യാത്ര ചെയ്യുന്നത്. വിവിധ സ്ഥലങ്ങളിലേക്കുള്ള ബസ്സുകൾ വരുന്നതും കാത്ത് യാത്രക്കാർക്ക് ചിലപ്പോൾ ഏറെ സമയം ഇവിടെ കാത്തിരിക്കേണ്ടതായും വരുന്നുണ്ട്. കനത്ത വേനലിലും മഴയത്തും സമീപത്തുള്ള കച്ചവട സ്ഥാപനങ്ങളിൽ അഭയം തേടുകയാണ് യാത്രക്കാർ. പ്രശ്‌ന പരിഹാരത്തിന് അധികൃതർ ഇടപെടൽ നടത്തണം എന്നാണ് ജനങ്ങളുടെ ആവശ്യം.