കട്ടപ്പന : നഗരത്തിലെ ഹോട്ടലുകളിൽ നടത്തുന്ന പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം. ഹോട്ടലുകളിൽ നിന്ന് നിരന്തരമായി പഴകിയ ഭക്ഷണം പിടികൂടുന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കുന്നതെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. മുൻപ് നടത്തിയ പരിശോധനകളിൽ ചെറുതും വലുതുമായ നിരവധി ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തിരുന്നു.ഇതിന് പിന്നാലെ സംസ്ഥാനമൊട്ടാകെ നടത്തുന്ന പരിശോധനകളുടെ ഭാഗമായി കഴിഞ്ഞ 10 ന് ആരോഗ്യ വിഭാഗം കട്ടപ്പനയിൽ വ്യാപക പരിശോധന നടത്തിയതിൽ കുമളി റോഡിലെ ഓറഞ്ച് ഹോട്ടലിൽ നിന്നും പള്ളിക്കവലയിലെ പോർച്ച്ഗ്രില്ലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയിരുന്നു.പുതിയ ബസ് സ്റ്റാൻഡിലെ ശ്രീമഹി ഹോട്ടലിൽ നടത്തിയ പരിശോധനയിൽ വ്യത്തിഹീനമായ വാട്ടർ ടാങ്ക് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ താത്കാലികമായി പൂട്ടിക്കുകയും ചെയ്തു. പഴകിയതും ഉപയോഗ ശൂന്യവുമായ ചിക്കൻ വറുത്തത് ,ഫ്രൈഡ് റൈസ്, ബീഫ് വറുത്തത് എന്നിവയാണ് ഓറഞ്ച് ഹോട്ടലിൽ നിന്നും പിടിച്ചെടുത്തത്. സംഭവത്തിൽ ഹോട്ടലുടമയിൽ നിന്നും മാപ്പപേക്ഷ എഴുതി വാങ്ങി 1510 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. പരിശോധനാ വേളയിൽ ഹെൽത്ത് കാർഡ് ഹാജരാക്കാനും ഹോട്ടൽ ഉടമയ്ക്ക് കഴിഞ്ഞിരുന്നില്ല.ഒരു പാത്രം നിറയെ പഴകിയ മയോനൈസും ,കേടായ സലാഡുമാണ് കണ്ടെത്തിയത്. ഇവർക്ക് 1010 രൂപ പിഴയീടാക്കി താക്കീത് നൽകി. കഴിഞ്ഞ മാർച്ച് 23 ന് നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ സഹകരണ ആശുപത്രിയ്ക്ക് സമീപത്തെ ഹോട്ടൽ മിലാനോ, ഹോട്ടൽ മഹാരാജ, മാസ് ഹോട്ടൽ, വെള്ളയാംകുടി വേഴപ്പറമ്പിൽ എന്നീ ഹോട്ടലുകളിൽ നിന്നായി പഴകിയ മാംസം ഉൾപ്പെടെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തിരുന്നു.
• പഴകിയ ഭക്ഷണം പിടിച്ചെടുത്തില്ലെന്ന്
ഹോട്ടലിന്റെ വ്യാജപ്രചാരണം
കഴിഞ്ഞ പത്താം തിയതി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടില്ലെന്ന ഹോട്ടലിന്റെ വാദം വ്യാജമാണെന്ന് തെളിഞ്ഞു. ഓറഞ്ച് ഹോട്ടൽ ഉടമകളാണ് മാദ്ധ്യമങ്ങൾ നൽകിയ വാർത്ത അടിസ്ഥാന രഹിതമാണെന്ന രീതിയിൽ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. എന്നാൽ ഹോട്ടലിൽ രാവിലെ 7.45 ന് നടത്തിയ റെയ്ഡിൽ പഴകിയ ചിക്കൻ വറുത്തത് ഉൾപ്പടെ പിടികൂടിയെന്ന് രേഖകളിലുണ്ട്.വീഴ്ച്ചകൾ അംഗീകരിക്കുന്നുവെന്നും ഇനി ആവർത്തിക്കില്ലെന്നും ഹോട്ടൽ ഉടമകൾ ഹെൽത്ത് ഇൻസ്പെക്ടർക്ക് നൽകിയ മാപ്പപേക്ഷയിലും വ്യക്തമാണ്.