നെടുങ്കണ്ടം: തമിഴ്നാട്ടിൽനിന്നുള്ള സഞ്ചാരികൾ മദ്യലഹരിയിൽ രാമക്കൽമേട്ടിൽ നാട്ടുകാരുമായി സംഘർഷമുണ്ടാക്കി. വിനോദസഞ്ചാര കേന്ദ്രത്തിൽ മദ്യപിച്ചെത്തുന്നവർ സംഘർഷമുണ്ടാക്കുന്നത് പതിവാകുന്നതോടെ പൊലീസ് സേവനം ആവശ്യപ്പെട്ട് ഡി.ടി. പി.സി ജീവനക്കാരും രംഗത്തുവന്നു ഇന്നലെ വൈകുന്നേരം തമിഴ്നാട്ടിൽനിന്ന് എത്തിയവരാണ് പ്രശ്നമുണ്ടാക്കിയത്. . മദ്യപിച്ചെത്തിയ ഇവർ നാട്ടുകാരുമായി സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. നാട്ടുകാരുടെയും ഡ്രൈവർമാരുടെയും അവസരോചിത ഇടപെടൽ മൂലമാണ് വിനോദസഞ്ചാര കേന്ദ്രത്തിനുള്ളിലേക്ക് സംഘർഷം പടരാതിരുന്നത്. ഈ സമയം സ്ത്രീകളും കുട്ടികളുമടക്കം നിരവധി സഞ്ചാരികൾ വിനോദ സഞ്ചാരകേന്ദ്രത്തിന് ഉള്ളിലുണ്ടായിരുന്നു. മദ്യപരായവരെ വണ്ടിയിൽ കയറ്റി നാട്ടുകാരുടെ നേതൃത്വത്തിൽ പറഞ്ഞു വിടുകയായിരുന്നു. രാമക്കൽമേട്ടിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു. ഇതിനു പ്രധാന കാരണം പൊലീസിൻ്റെ അഭാവമാണ്. വർഷങ്ങൾക്കു മുമ്പ് രാമക്കൽമേട് കേന്ദ്രമാക്കി സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് കാടുകയറി നശിയ്ക്കുകയാണ്. സ്പെഷ്യൽ ബ്രാഞ്ച് അടക്കം റിപ്പോർട്ട് സമർപ്പിച്ചിട്ടും പൊലീസുകാർക്ക് രാമക്കൽമേടെത്തി ഡ്യൂട്ടി ചെയ്യാൻ മടിയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ ആറോളം അടിപിടി കേസുകളാണ് ടൂറിസ്റ്റ് കേന്ദ്രത്തിനുള്ളിൽ ഉണ്ടായത്.