തൊടുപുഴ: അയ്യപ്പൻകോവിൽ, ഉടുമ്പന്നൂർ, ഇടമലക്കുടി പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 74.15 ശതമാനം പോളിംഗ്. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ നാലാം വാർഡായ ചേമ്പളം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 75.25 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. മേരികുളം സെന്റ്. മേരീസ് ഹൈസ്‌കൂളിൽ സജ്ജീകരിച്ച രണ്ടു ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. സി.പി.ഐ പ്രതിനിധിയായിരുന്ന മിനിമോൾ നന്ദകുമാർ പഞ്ചായത്ത് പ്രസിഡന്റ് പദവിയും മെമ്പർ സ്ഥാനവും രാജി വെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഷൈമോൾ രാജൻ (എൽ.ഡി.എഫ്), സുനിത ബിജു (യു.ഡി.എഫ്), സി.എച്ച്. ആശാമോൾ (എൻ.ഡി.എ) എന്നിവരാണ് മത്സരിക്കുന്നത്.

ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ വെള്ളന്താനത്തേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 81.80 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മിനി ബെന്നി (യു.ഡി.എഫ്), ജിൻസി സാജൻ (എൽ.ഡി.എഫ്), ഷൈനി സുരേഷ് (ബി.ജെ.പി) എന്നിവരാണ് സ്ഥാനാർത്ഥികൾ. കോൺഗ്രസ് പ്രതിനിധിയായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ് ജോലി ലഭിച്ചതിനെ തുടർന്ന് മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് വോട്ടെടുപ്പ് വേണ്ടി വന്നത്.

ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡായ ആണ്ടവൻ കുടിയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 65. 4 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പാർവ്വതി പരമശിവൻ (എൽ.ഡി.എഫ്), രമ്യ ഗണേശൻ (യു.ഡി.എഫ്), നിമലാവതി കണ്ണൻ (എൻ.ഡി.എ) എന്നിവരാണ് മത്സര രംഗത്തുള്ളത്. ആണ്ടവൻകുടി ഏകാദ്ധ്യാപക സ്‌കൂളിലായിരുന്നു പോളിംഗ് ബൂത്ത് ക്രമീകരിച്ചിരുന്നത്. എൻ.ഡി.എ പ്രതിനിധിയായിരുന്ന കാമാക്ഷിയുടെ മരണത്തെ തുടർന്നായിരുന്നു വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇന്ന് രാവിലെ 10ന് വോട്ടെണ്ണൽ നടക്കും.