മറയൂർ: സാൻഡൽ സ്‌പൈക്ക് രോഗം ബാധിച്ച മറയൂരിലെ രണ്ടായിരത്തോളം ചന്ദനമരങ്ങൾ വേരോടെ പിഴുത് മാറ്റും. മറയൂരിലെത്തി ചന്ദന മരങ്ങൾ സന്ദർശിച്ച ശേഷം വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലെടുത്ത തീരുമാനമാണിത്. പ്രതിരോധ പ്രവർത്തനങ്ങൾ തീരുമാനിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു സന്ദർശനം. 40 വർഷമായി മറയൂരിലെ ചന്ദനക്കാടുകളിൽ സാൻഡൽ സ്‌പൈക്ക് രോഗമുണ്ട്. പക്ഷേ,​ രണ്ടു വർഷമായി രോഗം ബാധിച്ച് നശിക്കുന്ന മരങ്ങളുടെ എണ്ണം കൂടുകയാണ്. നശിക്കുന്നവയിലധികവും ചെറു മരങ്ങളാണ്. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വനംവകുപ്പിനുണ്ടാകുന്നത്. അതുകൊണ്ടുതന്നെ രോഗം വ്യാപിക്കുന്നത് തടയുകയാണ് പ്രഥമ ലക്ഷ്യം. പ്രതിരോധമോ ചികിത്സയോ ഇല്ലാത്ത സ്‌പൈക്ക് രോഗമാണ് ചന്ദനമരങ്ങൾക്ക് ബാധിച്ചിരിക്കുന്നത്. മറ്റു മരങ്ങളിലേക്ക് ഇതു പടരാനും സാദ്ധ്യതയുണ്ട്. അതിനാൽ രോഗം വന്ന മരങ്ങളെ വേരോടെ പിഴുത് മാറ്റാനാണ് തീരുമാനമെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. ഇതിൽ വിൽപ്പനയ്ക്കു സാധിക്കുന്ന മരങ്ങൾ ഡിപ്പോയിലേക്ക് മാറ്റി സൂക്ഷിക്കും. രോഗ വ്യാപനം തടയാനുള്ള താത്കാലിക നടപടിയെന്ന നിലയിലാണ് ഇതു ചെയ്യുന്നത്.

നശിക്കുന്നത് 1000- 1500 മരങ്ങൾ

മറയൂരിലെ ചന്ദനക്കാടുകളെ 'സാൻഡൽ വുഡ് സ്‌പൈക്ക് ഡിസീസ്' എന്ന വൈറസ് രോഗം ബാധിച്ചതിനെ തുടർന്ന് വർഷംതോറും 1000 മുതൽ 1500 മരങ്ങൾവരെയാണ് ഉണങ്ങുന്നത്. ചന്ദന മരങ്ങൾക്ക് പിടിപെട്ട രോഗബാധ സംബന്ധിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ബംഗ്ളൂരുവിലെ വുഡ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടും പഠനം നടത്തിയിട്ടുണ്ട്. മറയൂരിലെ ബ്ലോക്ക് നമ്പർ 51ൽ കിളിക്കൂട്ടുമലയിൽ 40 വർഷം മുമ്പാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇപ്പോൾ ബ്ലോക്ക് 52, 54 മേഖലകളിലും രോഗംബാധിച്ച ചന്ദനമരങ്ങളുണ്ട്. രോഗംബാധിച്ചാൽ ചന്ദനം നാലുവർഷംകൊണ്ട് ഉണങ്ങും. ഇതിന് പരിഹാരം, രോഗം ബാധിച്ച ചന്ദനമരം പൂർണമായി പിഴുതുമാറ്റുകയെന്നതാണ്‌.