തൊടുപുഴ: കേരളത്തിന് സമീപത്തെ ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും മൂലം ജില്ലയിലെമ്പാടും മഴ കനത്തു. ചൊവ്വാഴ്ച രാത്രി തുടങ്ങിയ മഴ ഇന്നലെ ഉച്ചയോടെയാണ് അൽപ്പമെങ്കിലും തോർന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ശരാശരി 17.02 മില്ലി മീറ്രർ മഴയാണ് ജില്ലയിൽ ഇന്നലെ ലഭിച്ചത്. പീരുമേട്, തൊടുപുഴ താലൂക്കുകളിലാണ് കൂടുതൽ മഴ കിട്ടിയത്. ഇന്ന് മുതൽ മഴയിൽ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ നിഗമനം. മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെ ലഭിക്കേണ്ട മഴയേക്കാൾ 91 ശതമാനം കൂടുതലാണ് പെയ്തത്. 304.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 581.7 മില്ലി മീറ്റർ മഴ കിട്ടി. കാലവർഷമെത്തുന്നതിന് മുമ്പ് ജില്ലയിൽ മഴ ശക്തമായി തുടരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. അങ്ങിങ്ങ് മരം വീണതൊഴിച്ചാൽ ഇതുവരെ ജില്ലയിലൊരിടത്ത് നിന്നും കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്. മഴമുന്നറിയിപ്പ് മാറുന്നതു വരെ ഇവിടെ തൊഴിലെടുക്കുന്നതിന് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഡാമുകളിൽ നീരൊഴുക്ക് ശക്തം
മഴ തുടരുന്നതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ഇടുക്കി അണക്കെട്ടിലേക്ക് ഏഴ് ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഇന്നലെ ഒഴുകിയെത്തിയത്. മൂലമറ്റം പവർഹൗസിൽ 10 ദശലക്ഷം യൂണിറ്റായി പ്രതിദിന വൈദ്യുതി ഉത്പാദനം വർദ്ധിപ്പിച്ചതിനാൽ ഡാമിലെ ജലനിരപ്പിൽ കാര്യമായ മാറ്റമില്ല. 2339.90 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയുടെ 37 ശതമാനമാണിത്. വൃഷ്ടിപ്രദേശത്ത് ഇന്നലെ 10.6 മില്ലി മീറ്രർ മഴ ലഭിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിലുയർന്ന് 130.35 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. മലങ്കര, പൊന്മുടി, ലോവർ പെരിയാർ, നേര്യമംഗലം ഡാമുകളിലേക്കുള്ള നീരൊഴുക്കിലും വർദ്ധനയുണ്ട്.
മഴയുടെ അളവ് (മില്ലി മീറ്ററിൽ)
തൊടുപുഴ- 28.8
ദേവികുളം- 10.8
ഉടുമ്പൻചോല- 7.2
പീരുമേട്- 28
ഇടുക്കി- 10.6
ശരാശരി- 17.02