
മൂലമറ്റം: ലക്ഷങ്ങൾ ചിലവഴിച്ച് പട്ടിക വർഗ വികസന വകുപ്പ് വാങ്ങി നൽകിയ ഓട്ടോ റിക്ഷകൾ തുരുമ്പെടുത്ത് നശിച്ചു. ഇതോടെ ഇവ പാതയോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്. പട്ടികവർഗ വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്താൻ 5 വർഷംമുൻപ് ഐ.ടി.ഡി.പി സ്കീമിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയിൽ 70 വനിതകളെയാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. ഇവർക്ക് പരിശീലനം നൽകുകയും 70 ഓട്ടോറിക്ഷകൾ വാങ്ങി നൽകുകയും ചെയ്തു. ഓട്ടോ റിക്ഷകളുടെ ഇൻഷുറൻസ്, ടാക്സ് എന്നിവക്കുള്ള പണവും പട്ടിക വർഗ വികസന വകുപ്പ് അടച്ചതിന് ശേഷമാണ് ഗുണഭോക്താക്കളായ വനിതകൾക്ക് ഓട്ടോ റിക്ഷകൾ നൽകിയത്. എന്നാൽ പിന്നീട് വിവിധ കാരണങ്ങളാൽ ഇവർ അതെല്ലാം ഉപേക്ഷിച്ചു. ഓട്ടോറിക്ഷകൾ കൈമാറിയെങ്കിലും തുടർ നടത്തിപ്പിൽ പട്ടിക വർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രത കാണിക്കാതിരുന്നതാണ് ലക്ഷങ്ങൾ പാഴാകാൻ കാരണമായത്.