തൊടുപുഴ: ജില്ലാ ആശുപത്രിയുടെ പ്രവർത്തനം കുത്തഴിഞ്ഞ നിലയിലാണെന്ന് ആശുപത്രി വികസന സമിതി അംഗവും ആർ.എസ്.പി ജില്ലാ സെക്രട്ടറിയേറ്റംഗവുമായ വി.എസ്. അബ്ബാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആശുപത്രിയുടെ സെപ്ടിക് ടാങ്ക് പൊട്ടി മാലിന്യം ഓടയിലൂടെ ഒഴുകി തൊടുപുഴയാറ്റിലെത്തി ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയർന്നിട്ടും ആശുപത്രി അധികൃതർ യാതൊരു നടപടിയും എടുത്തിട്ടില്ല. മലിന ജലം ഒഴുകിയെത്തുന്നിടത്താണ് വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസും സ്ഥിതി ചെയ്യുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡി.എം.ഒ റിപ്പോർട്ട് നൽകിയിരുന്നു. ജില്ലാ ഹെൽത്ത് ഓഫീസർ സ്ഥലം സന്ദർശിച്ച് പരാതിയിൽ കഴമ്പുണ്ടെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും പൊതുജനാരോഗ്യ സംരക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും ഡി.എം.ഒയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. മാലിന്യം ഒഴകുന്നത് മൂലം ആശുപത്രിയുടെ മുന്നിൽ ദുർഗന്ധം വമിക്കുകയാണെന്നും അടിയന്തര നടപടി ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആറുമാസമായി ആശുപത്രി വികസന സമിതി കൂടിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. രണ്ടര വർഷമായി വികസന സമിതിയുടെ വരവു ചിലവു കണക്കുകൾ അവതരിപ്പിച്ചിട്ടില്ല. ആശുപത്രിയിൽ സേവനം ചെയ്യുന്ന പല ഡോക്ടർമാരും സമയ ബന്ധിതമായി ഡ്യൂട്ടി ചെയ്യാറില്ല. സി.ടി സ്‌കാൻ സൗകര്യം ഉണ്ടെങ്കിലും രോഗികൾക്ക് ഇതിന്റെ സേവനം ലഭിക്കുന്നില്ല. ലക്ഷങ്ങൾ മുടക്കി നിർമിച്ച ഓക്‌സിജൻ പ്ലാന്റ് ഇതുവരെ പ്രവർത്തന സജ്ജമാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ലെന്നും അബ്ബാസ് പറഞ്ഞു.