sankarappalli

ശങ്കരപ്പള്ളി: മുട്ടം - മൂലമറ്റം റൂട്ടിൽ ശങ്കരപ്പളളി ജംഗ്ഷനിൽ വാഹനാപകടങ്ങൾ തുടർ സംഭവങ്ങൾ ആകുമ്പോഴും അധികൃതകർ നിസംഗതയിലെന്ന് ആക്ഷേപം. ശങ്കരപ്പള്ളി ഭാഗത്ത് മലങ്കര ജലാശയത്തിന് മുകളിൽ പണിതിട്ടുള്ള ചെറിയ പാലത്തിനോട് ചേർന്നുള്ള വളവാണ് അപകടം ക്ഷണിച്ചു വരുത്തുന്നത്. അശാസ്ത്രീയമായിട്ടാണ് ഇവിടെ പാലത്തിനോട്‌ അനുബന്ധിച്ചുള്ള റോഡിന്റെ ഘടന എന്ന് നേരത്തെ തന്നെ പരാതി ഉയർന്നതാണ്. പാലത്തിൻ്റെ കൈവരികൾ തകർന്ന് അപകടാവസ്ഥയിലുമാണ്. പാലത്തിന് താഴെ വളരെ ആഴമേറിയ ഭാഗവും, മലങ്കര ജലാശയത്തിലെ വെള്ളം കയറി കിടക്കുന്ന ഭാഗവുമാണ്. പാലത്തിൻ്റെ അടിഭാഗത്തെ കോൺക്രീറ്റ് ഇളകിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസവും നിയന്ത്രണം വിട്ട ബസ് ഈ പാലത്തിൻ്റെ കോൺക്രീറ്റ് കൈവരിയിൽ ഇടിച്ച് അപകടത്തിൽപെട്ടിരുന്നു. ഈ ഭാഗത്ത് വാഹനങ്ങൾ എത്തുമ്പോൾ നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്ന് ഡ്രൈവർമാർ പറയുന്നു. റോഡിൻ്റെ നിർമ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമായി പറയുന്നതും. മഴയുള്ള സമയങ്ങളിൽ അമിത വേഗതയിൽ വാഹനങ്ങൾ പായിക്കുന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. പാലത്തിന്റെ തകർന്നിരിക്കുന്ന കൈവരിയിൽ തട്ടിയാൽ ചെറുവാഹനങ്ങൾ ആഴമേറിയ ഭാഗത്തേക്ക് പതിക്കാം. മുട്ടം മുതൽ പാറമട വരെ അടുത്ത നാളിൽ റോഡ് നവീകരിച്ചതോടെയാണ് അപകടങ്ങൾ തുടർ സംഭവങ്ങൾ ആയത്. കട്ടപ്പനയിൽ നിന്നും വന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയിൽ ഇടിച്ചതിനു ശേഷം താഴ്ചയുടെ വക്കത്ത് ചതുപ്പിൽ താഴ്ന്ന് നിന്നതാണ് ഏറ്റവും ഒടുവിൽ നടന്ന അപകടം. ഏറെ വാഹന തിരക്കുള്ള റോഡായിട്ടും ഇവിടുത്തെ അപകട സഹചാര്യം കണ്ടെത്താനോ പരിഹാരം കാണാനോ അധികൃതർ തയാറായിട്ടില്ല.