നെടുങ്കണ്ടം: മാനസിക അസ്വസ്ഥതയുള്ള മകൾക്കൊപ്പം കഴിഞ്ഞിരുന്ന കിടപ്പ് രോഗിയായ വൃദ്ധയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പച്ചടി എസ്.എൻ. എൽ.പി.സ്‌കൂളിനു സമീപം താമസിക്കുന്ന കലാസദനം അമ്മിണി (70) മരിച്ചത്. രോഗം മൂലം ഒരു കാൽ മുറിച്ചിരുന്നു.ഭർത്താവ് ശശിധരൻ ഒരു വർഷം മുമ്പ് മരിച്ചു. മാനസികാസ്വാസ്ഥ്യമുള്ള മകൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.നെടുങ്കണ്ടം പഞ്ചായത്തിലെ പാലിയേറ്റീവ് കെയറിന്റെയും ആശ പ്രവർത്തകരുടെയും പരിചരണത്തിലാണ് കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സമീപവാസികളാണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഉറുമ്പരിച്ചനിലയിലായിരുന്നു. മരണം സംഭവിച്ചിട്ട് രണ്ട് ദിവസത്തോളമായിരുന്നെന്നാണ് നിഗമനം. മകൾ അമ്മ മരിച്ചതറിയാതെ രണ്ട് ദിവസമായി മൃതദേഹത്തോടൊപ്പമാണ് കഴിഞ്ഞുകൂടിയിരുന്നത്. വിവരമറിഞ്ഞ് പാലിയേറ്റീവ് കെയറിലെ ആരോഗ്യ പ്രവർത്തർത്തകരും പൊലീസും സ്ഥലത്തെത്തിയിരുന്നു. മരണത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. മറ്റ് ബന്ധുക്കളാരും എത്താനില്ലാത്തതിനാൽ ചൊവ്വാഴ്ച്ച രാത്രി സംസ്‌കാരം നടത്തി.