
അടിമാലി: വനംവകുപ്പ് നേര്യമംഗലത്ത് ആദിവാസികളുടെ വനകാർഷികോത്പന്നങ്ങളുടെ ആഴ്ച്ച ചന്ത തുറന്നു. മസാലപ്പെട്ടി ഹാത്ത് ബസാർ എന്ന പേരിലാണ് വിപണന കേന്ദ്രം തുറന്നിട്ടുള്ളത്. അടിമാലി ഗ്രാമപഞ്ചായത്തിലെ 27 ആദിവാസി കോളനികളിലും നേര്യമംഗലം മേഖലയിലെ ഏഴ് കോളനികളിലും ആദിവാസികൾ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങളാണ് ചന്തവഴി ഇവിടെ വിൽക്കുന്നത്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന വനസംരക്ഷണ സമതിയംഗങ്ങളെ ഉൾപ്പെടുത്തി നേര്യമംഗലത്തെ ചന്തയോട് ചേർന്ന് ഇക്കോഷോപ്പും ലഘുഭക്ഷണ ശാലയും ഉണ്ട്. ഇക്കോഷോപ്പ് വനംവകുപ്പ് നേരിട്ടാകും നടത്തുക. വിനോദസഞ്ചാരികൾക്കും ഇതരവാഹനയാത്രികർക്കും പ്രദേശവാസികൾക്കും പ്രയോജനം ലഭിക്കുന്ന രീതിയിലാകും കേന്ദ്രത്തിന്റെ പ്രവർത്തനം നടക്കുക.