ഇടുക്കി: ഇടുക്കി നിയോജകമണ്ഡലത്തിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ 56 കോളനി, കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കൗന്തി കോളനി എന്നീ പട്ടികജാതി കോളനികളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഒരുകോടി രൂപ വീതം അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക ജാതി പട്ടിക വർഗ്ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണിത്.
കോളനികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനാണ് പ്രാധാന്യം നൽകുക. കോളനിയിലൂടെയുള്ള റോഡുകളുടെ നവീകരണം, തെരുവ് വിളക്കുകൾ, കുടിവെള്ള പദ്ധതികൾ, സാനിറ്റേഷൻ പ്രവർത്തികൾ, വൈദ്യുതീകരണം, ഒന്നിച്ചു ചേരാനുള്ള പൊതുഹാളുകൾ, അങ്കണവാടികൾ എന്നിവയുടെ എല്ലാം നവീകരണം ഇതിൽ പെടും.ജില്ലാ ആസ്ഥാനത്ത് ചേർന്ന ഉള്ളതും കഴിഞ്ഞ പ്രളയകാലത്ത് ഏറെ നാശനഷ്ടം സംഭവിച്ച മേഖലയാണ് 56 കോളനി. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കോളനിവാസികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും തൊഴിൽ മാർഗം കണ്ടെത്തുന്നതിനുള്ള പദ്ധതികൾ കൂടി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കാൽവരി മൗണ്ട് മലനിരകളോട് ചേർന്നു കിടക്കുന്ന പ്രദേശം ആണ് കൗന്തി. ഉയർന്ന പ്രദേശമായതിനാൽഇവിടെ കുടിവെള്ളത്തിന് ഏറെ പ്രാധാന്യം നൽകേണ്ടത്. ഗതാഗതസൗകര്യങ്ങൾ എത്തിക്കുക കുടിവെള്ള മാർഗ്ഗങ്ങൾ ഉറപ്പാക്കുക, നടപ്പാത നിർമ്മാണം തുടങ്ങിയ പദ്ധതികൾക്കാകും ഇവിടെ മുൻതൂക്കം നൽകുകയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.