തൊടുപുഴ: അരിക്കുഴ ഗവ. സ്‌കൂളിൽ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി 'മാസ്റ്റേഴ്‌സ് ഇംഗ്ലീഷ് " പദ്ധതി ആരംഭിച്ചു. മലയാളം മീഡിയത്തിൽ പഠിച്ച കുട്ടികൾ 11-ാം ക്ലാസിലേക്ക് ചെല്ലുമ്പോൾ ഭാഷാപരിജ്ഞാനത്തിലുള്ള പരിമിതികൾ മറികടക്കുകയാണ് 'മാസ്റ്റേഴ്‌സ് ഇംഗ്ലീഷ് ' ലക്ഷ്യമിടുന്നത്. ഡിലിജൻസ് അക്കാദമി ഡയറക്ടർ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കെ. ലതീഷ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം എം. മധു, ഇൻസ്ട്രക്ടർ അരുൺരാജ് ജോസഫ്, ഹെഡ്മിസ്ട്രസ് മേരിക്കുട്ടി ജോസഫ്, നെക്‌സി ജോസഫ്, ഷൈലജ. എസ്, കാർത്തിക വി.എസ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ഇ- ലാംഗ്വേജ് പദ്ധതിക്ക് പുറമെ ഓരോ ക്ലാസിനും പ്രത്യേകം ഇംഗ്ലീഷ് പരിശീലനങ്ങൾ നടക്കുന്നുണ്ട്. പ്രായത്തിനനുസരിച്ച ഇംഗ്ലീഷ് ശേഷികൾ കുട്ടി കൈവരിച്ചെന്ന് സ്‌കൂൾ ഉറപ്പുവരുത്തും. പുതിയ അദ്ധ്യയന വർഷത്തിൽ രണ്ടു ഡിവിഷനുകൾ പുതുതായി ആരംഭിക്കാനും അതിലൊന്ന് ഇംഗ്ലീഷ് മീഡിയമാക്കാനുമുള്ള പ്രവർത്തനത്തിലാണ് പേരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ.