തൊടുപുഴ :വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ ഒരാഴ്ചമാത്രം അവശേഷിക്കുമ്പോഴും അദ്ധ്യാപകർക്ക് സ്ഥലംമാറ്റം നൽകാതെയും പ്രമോഷൻ നൽകി പ്രധാനാദ്ധ്യാപകരെ നിയമിക്കാതെയും സർക്കാർ വിദ്യാഭ്യാസ മേഖലയെ അവഗണിക്കുകയാണെന്ന് കെ. പി. എസ്. ടി. എ ജില്ലാ കമ്മിറ്റി . ജില്ലയ്ക്കുള്ളിലെ അദ്ധ്യാപക സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ഇതുവരെ ക്ഷണിക്കുക പോലും ചെയ്തിട്ടില്ല. വിദ്യാലയങ്ങൾ തുറക്കുന്ന സമയത്ത് അക്കാദമിക പ്രവർത്തനങ്ങളുടെ ചുമതലയും അദ്ധ്യാപക പരിശീലനങ്ങളുടെ മേൽനോട്ടവും വഹിക്കേണ്ട പ്രധാനാദ്ധ്യാപകരുടെ അഭാവം സ്‌കൂളിലെ അക്കാദമിക പ്രവർത്തനങ്ങളുടെ താളം തെറ്റും.
ജില്ലാ പ്രസിഡന്റ് പി എം നാസർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി ഡി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഷെല്ലി ജോർജ് , ട്രഷറർ ബിജു ജോസഫ് , സി കെ മുഹമ്മദ് ഫൈസൽ, ജോളി മുരിങ്ങമറ്റം, ബിജോയി മാത്യു , കെ രാജൻ , എം വി ജോർജുകുട്ടി , സെലിൻ മൈക്കിൾ , പി എൻ സന്തോഷ് , ഷിന്റോ ജോർജ് , സുനിൽ റ്റി തോമസ് ,സിബി കെ ജോർജ് , അനീഷ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.