നെടുങ്കണ്ടം: കാറ്റിലും മഴയിലും കൂറ്റൻ മരം വൈദ്യുതിലൈനിൽ പതിച്ച് ലൈൻ അടക്കം വീടിന് മുകളിലേക്ക് വീണു, നാലംഗ കുടുംബം ഒരുമണിക്കൂറോളം പുറത്തിറങ്ങാനാവാതെ വീട്ടിൽ കുടുങ്ങി. ഇന്നലെ പുലർച്ചെ നാലോടെ കോമ്പയാർപുതുകിൽ സുരേഷിന്റെ വീടിന് മുകളിലേക്കാണ് വൻ മരം കടപുഴകി വീണത്.കാറ്റും മഴയും മൂലം കോമ്പയാർ ഭോജൻ കമ്പനിയിൽ റോഡിന്റെ സമീപം നിന്ന കൂറ്റൻ മരം വൈദ്യുതി ലൈനിലേയ്ക്ക് വീണു. ലൈൻകമ്പികൾ സഹിതം മരം വീടിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ വീട് ഭാഗികമായി തകർന്നു. അപകടം നടക്കുമ്പോൾ സുരേഷും ഭാര്യ അനിതയും മക്കളായ സിദ്ധാർഥ് , വർഷിണി എന്നിവർ വീട്ടിലുണ്ടായിരുന്നു.മരം വീണതിനെത്തുടർന്ന് പുറത്തിറങ്ങാനാകാതെ വീട്ടുകാർ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു. തുടർന്ന് നാട്ടുകാർ എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. വിവരമറിഞ്ഞ് പഞ്ചായത്തംഗം ഡി. ജയകുമാർ, വില്ലേജ് ഓഫീസർ പ്രദീപ് കുമാർ, റവന്യൂ,പൊലീസ്,വനംവകുപ്പ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി. മരം വീണതിനെത്തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. . പച്ചടിയിൽ ശക്തമായ മഴയിൽ വീടിന് സമീപത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണതിനെത്തുടർന്ന് വാസയോഗ്യമല്ലാതായി മാറിയ ഒരു കുടുംബത്തെ റവന്യൂ അധികൃതർ മാറ്റിപ്പാർപ്പിച്ചു. പച്ചടി കൊരട്ടിയിൽ വിജയന്റെ വീടാണ് മണ്ണിടിഞ്ഞതിനെത്തുടർന്ന് അപകടാവസ്ഥയിലായത്. ഹൃദ്രോഗിയായ വിജയനും ഭാര്യയും മകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഡെപ്യൂട്ടി തഹസിൽദാർ സജീവ്, കൽക്കൂന്തൽ വില്ലേജ് ഓഫീസർ കെ.കെ രാധിക, സി ദേവകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷം കുടുംബത്തെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു.