ഇടുക്കി: ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും ജനങ്ങൾ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ലായെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. ഇത്തരം പ്രവർത്തികൾ തടയാൻ പൊലീസ്, വനം, ടൂറിസം വകുപ്പ് എന്നിവർ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ താലൂക്ക് തലത്തിൽ ഏകോപിപ്പിക്കുന്നതിന് തൊടുപുഴ താലൂക്ക് ഡെപ്യൂട്ടി കളക്ടർ( ആർ ആർ ) ഇടുക്കി, ഇടുക്കി താലൂക്ക് റവന്യൂ ഡിവിഷണൽ ഓഫീസർ, ഇടുക്കി, പീരുമേട് താലൂക്ക് എ. സി. എസ്.ഒ കുമളി, ദേവികുളം താലൂക്ക് സബ് കളക്ടർ ദേവികുളം, ഉടുമ്പൻചോല താലൂക്ക് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) എന്നിവരെ നോഡൽ ഓഫീസർമാരായി നിയോഗിച്ചു.
ജില്ലയിൽ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ജീവനക്കാർ അലേർട്ടുകൾ പിൻവലിക്കുന്നതുവരെ ആസ്ഥാനം വിട്ടുപോകാൻ പാടില്ലാത്തതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.