മൂലമറ്റം: അറക്കുളം പഞ്ചായത്ത്‌ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. അറക്കുളം പന്ത്രണ്ടാം മൈലിലെ പമ്പ് ഹൗസിൽ നിന്നാണ് നിലവിൽ കുടിവെള്ളമെത്തിക്കുന്നത്. ഇത്‌ 40 വർഷം മുമ്പ് സ്ഥാപിച്ചതാണ്. വോൾട്ടേജ് ക്ഷാമം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രത്യേക താല്പര്യമെടുത്ത് ഇവിടെ പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുകയും തകരാറിലായ മോട്ടർ നന്നാക്കുകയും ചെയ്തു. മഴയും വേനലും മാറി മാറി വരുമ്പോൾ പുഴയോട് ചേർന്നുള്ള ഭാഗത്ത്‌ വ്യാപകമായി കല്ലും മണലും വന്നടിഞ്ഞ് ഗതി മാറി ഒഴുകും. ഇതേ തുടർന്ന് പമ്പ്ഹൗസിൽ വെള്ളം എത്താതെ വരുകയും നിരവധി തവണ പമ്പിംഗ് മുടങ്ങുകയും ചെയ്തിരുന്നു. നിരവധി പ്രാവശ്യം ജെ.സി.ബി. ഇറക്കി വെള്ളം തിരിച്ച് വിട്ടെങ്കിലും ശര്വതമായ പരിഹാരം ഉണ്ടായില്ല. ഇതേ തുടർന്ന് മന്ത്രിയുടെ നിർദ്ദേശ പ്രകാരം മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതരുടെ നേതൃത്വത്തിൽ പുഴയിലെ കല്ലും മണലും നീക്കം ചെയ്ത് വെള്ളത്തിന്റെ ഗതി നേരേയാക്കുകയും പമ്പ് ഹൗസിൽ തടസമില്ലാതെ വെള്ളമെത്തിക്കാനുള്ള സൗകര്യം സജ്ജമാക്കുകയും ചെയ്തിരുന്നു.