bridge
അപകടാവസ്ഥയിലായ തൂക്കുപാലം കടക്കുന്ന വീട്ടമ്മയും കുട്ടിയും

മലയിഞ്ചി: കുടിയേറ്റ മേഖലയായ മലയിഞ്ചിയിൽ നിന്ന് ഒന്നരകിലോമീറ്റർ അകലെ പാട്ടയ്ക്കലിൽ താമസിക്കുന്ന അമ്പതോളം കുടുംബങ്ങൾക്ക് പേടി കൂടാതെ പുഴ കടക്കാൻ ഒരു നല്ല നടപ്പാലം വേണം. അമ്പത് വർഷത്തിലേറെയായി ചാമക്കയം- ചേലകാട്ട് റോഡിൽ നിന്ന് വേളൂർ പുഴ കടന്ന് പാട്ടയ്ക്കലിലേക്ക് പോകണമെങ്കിൽ മുളത്തടിയിൽ കമ്പിവലിച്ചുകെട്ടി നിർമ്മിച്ച തൂക്കുപാലം മാത്രമാണുള്ളത്. എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന ഈ പാലത്തിലൂടെ വേണം കുട്ടികൾക്ക് സ്കൂളിലും വൃദ്ധർക്ക് ആശുപത്രിയിലും മറ്റും പോകാൻ. കിടപ്പുരോഗികളെയും ഗർഭിണികളെയും മറ്റും ആശുപത്രിയിൽ കൊണ്ടുപോകാനും കഷ്ടപ്പാടാണ്. ആരെങ്കിലും മരണപ്പെട്ടാൽ ചുമന്ന് അക്കരയെത്തിക്കാനും വലിയ ബുദ്ധിമുട്ടാണ്. മിക്കവാറും എല്ലാ വർഷവും മഴ കനക്കുമ്പോൾ കുത്തൊഴുക്കിൽ പാലം തകരാറുണ്ട്. 2018ലെ പ്രളയത്തിൽ പാലം പൂർണമായും ഒലിച്ചുപോയിരുന്നു. കഴിഞ്ഞ വേനൽ മഴയിലും ഈ പാലം തകർന്നിരുന്നു. തുടർന്ന് നാട്ടുകാർ പണം പിരിച്ച് കഴിഞ്ഞ മാസമാണ് പാലം നന്നാക്കിയത്. 2020ൽ പാലം തകർന്നപ്പോൾ പഞ്ചായത്ത് പാലം നന്നാക്കാൻ 5,000 രൂപ നൽകി. ഇതല്ലാതെ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു രൂപ പോലും പാലത്തിനായി സഹായം ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും പാട്ടയ്ക്കൽ നിവാസികൾക്ക് രാഷ്ട്രീയപാർട്ടികൾ പുതിയ നടപ്പാലമെന്ന വാഗ്ദാനം നൽകാറുണ്ട്. എന്നാൽ വർഷങ്ങൾ കടന്നുപോയതല്ലാതെ പാലം മാത്രം കിട്ടിയിട്ടില്ല. ഉടുമ്പന്നൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. പാലം തകർന്നാൽ കിലോമീറ്ററുകൾ ചുറ്റി നടന്ന് വേണം പ്രദേശവാസികൾക്ക് തൊട്ടടുത്ത ടൗണായ മലയിഞ്ചിയിലെത്താൻ. നേരത്തെ നൂറിലേറെ കുടുംബങ്ങൾ താമസിച്ചിരുന്ന സ്ഥലമാണിത്. നല്ല പാലമില്ലാത്തതിനാലും യാത്രാ സൗകര്യമില്ലാത്തിനാലും പലരും ഇവിടെ നിന്ന് സ്ഥലം വിറ്റും വാടകയ്ക്കും മറ്റ് പ്രദേശങ്ങളിലേക്ക് പോയി.


''ജനങ്ങൾക്ക് സുഗമമായ സഞ്ചാരസ്വാതന്ത്ര്യമൊരുക്കാൻ ജനപ്രതിനിധികൾക്ക് ബാദ്ധ്യതയുണ്ട്. ജയിച്ചാൽ പിന്നെ ജനപ്രതിനിധികൾ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല. പിന്നെ അടുത്ത തിരഞ്ഞെടുപ്പിനാണ് ഇവരെ കാണുക. എങ്കിലും പ്രതീക്ഷയോടെ മഴയ്ക്കായി വേഴാമ്പൽ കാത്ത് നിൽക്കുന്നതു പോലെ പാലത്തിനായി ഇവടത്തുകാർ കാത്തിരിക്കുകയാണ്. ഇനി എങ്കിലും ഒരു നടപ്പാലം കിട്ടണമെന്നാണ് ആഗ്രഹം."

- മോഹനൻ പൂവത്തിങ്കൽ (പ്രദേശവാസി)

''ഇവിടെ പുതിയ പാലം നിർമ്മിച്ചാൽ സ്വകാര്യവ്യക്തിയുടെ കൈവശമിരിക്കുന്ന ഭൂമിയിലാണ് രണ്ട് വശങ്ങളിലും പില്ലർ വരിക. സ്വകാര്യ വ്യക്തി ഭൂമി സറണ്ടർ ചെയ്ത് ഒപ്പിട്ട് നൽകിയിട്ടുണ്ട്. എന്നാൽ പട്ടയമില്ലാത്ത ഭൂമിയായതിനാൽ പഞ്ചായത്തിന്റെ ആസ്തിയിൽ ഇതുവരെ ഉൾപ്പെടുത്താനായിട്ടില്ല. സമീപത്ത് വനഭൂമിയുള്ളതിനാൽ വനംവകുപ്പിന്റെ എൻ.ഒ.സിയും ആവശ്യമാണ്. ഈ സാങ്കേതിക തടസം മറികടന്ന് ബ്ലോക്ക് പഞ്ചായത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ ഫണ്ട് ഉപയോഗിച്ച് പാലം നിർമ്മിക്കാനാണ് ശ്രമിക്കുന്നത്. പ്രദേശവാസികൾക്ക് അക്കര കടക്കാൻ അൽപ്പം മാറിയാൽ വേറെയും പാലങ്ങളുണ്ട്. പാട്ടയ്ക്കലിന് സമീപം ചന്ദനതോടിന് കുറുകെ പാലം നിർമ്മിക്കാനും ശ്രമിക്കുന്നുണ്ട്. മഴക്കാലത്ത് പാട്ടയ്ക്കലിലെ തൂക്കുപാലം തകർന്നാൽ പ്രദേശവാസികൾ ഒറ്റപ്പെട്ടു പോകാതിരിക്കാൻ ഈ പാലം ഉപയോഗിക്കാം.

-അൽഫോൺസ കെ. മാത്യു (വാർഡ് മെമ്പർ)