കട്ടപ്പന : നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങളെ വ്യാപാരി അധിക്ഷേപിച്ചതായി പരാതി.കട്ടപ്പന ടൗണിലെ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന വനിതകൾക്ക് നേരെയാണ് ഐ ടി ഐ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബാറ്ററി ഷോപ്പ് ഉടമ മോശമായി പെരുമാറിയത്.ഈ മാസം ഏഴിനാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.മാലിന്യം എടുക്കുന്നവരാണെങ്കിൽ സ്കൂൾ കോമ്പൗണ്ടുകളിൽ ചെന്നാൽ മതിയെന്നും, അവിടെ നിന്നും ധാരാളം ലഭിക്കുമെന്നുമാണ് കടയുടമ ജീവനക്കാരോട് പറഞ്ഞത്. സംഭവത്തിൽ ബാറ്ററി കടയുടമയ്ക്കെതിരെ പൊലീസിലും നഗരസഭാ അദ്ധ്യക്ഷയ്ക്കും ഹരിത കർമ്മസേന പരാതി നൽകി.ഈ വർഷമാദ്യമായിരുന്നു കട്ടപ്പന നഗരത്തിനുള്ളിലെ മാലിന്യ നീക്കം പരിഹരിക്കുന്നതിനായി 20 അംഗങ്ങൾ ഉൾപ്പെട്ട പ്രത്യേക ഹരിത കർമ്മ സേനയ്ക്ക് നഗരസഭ രൂപം നൽകിയത്..
അഞ്ച് പേർ ജോലി നിർത്തി
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തുന്ന ദിവസങ്ങളിലെല്ലാം മോശമായ പെരുമാറ്റം നേരിടേണ്ടി വന്നതിനെ തുടർന്ന് അഞ്ച് ജീവനക്കാർ ജോലി രാജി വച്ചു.20 പേർ അടങ്ങുന്ന സേന രൂപീകരിച്ചിട്ടും 14 പേർ മാത്രമാണ് മൂവായിരത്തിലധികം കടകളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ജോലിയിൽ പ്രവേശിച്ചത്.ഇവരിലെ അഞ്ച് പേരാണ് ഒരു മാസത്തിനുള്ളിൽ നിർത്തിപ്പോയത്. നിരന്തരമായി ദുരനുഭവം ഉണ്ടാകുന്നതോടെ ബാക്കിയുള്ളവരും ജോലി നിർത്തുമോയെന്ന ആശങ്കയും നഗരസഭയ്ക്കുണ്ട്.