രാജാക്കാട്: ഗുരുദേവ ദർശനങ്ങളെയും സന്ദേശങ്ങളെയും ജീവിതത്തിൽ പ്രയോഗത്തിൽ വരുത്തുകയെന്ന ലക്ഷ്യത്തോടെ എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീനാരായണ ധർമ്മ വിചാരയജ്ഞത്തിന് ഇന്ന് എൻ.ആർ. സിറ്റി എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമാകും. ശിവഗിരി മഹാസമാധിയിലെ കെടാവിളക്കിൽ നിന്നുള്ള ദീപം യജ്ഞവേദിയിലെ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് ജ്ഞാനദേവതയായ ശാരദാദേവിയെ കുടിയിരുത്തിയാണ് യജ്ഞപരിപാടികൾ നടക്കുന്നത്. മൂന്ന് ദിവസമായി നടക്കുന്ന ശ്രീനാരായണ ധർമ്മ വിചാരയജ്ഞം യജ്ഞാചാര്യനായ ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മചൈതന്യ സ്വാമി, രാജാക്കാട് ശ്രീമഹാദേവർ ക്ഷേത്രം മേൽശാന്തി പുരുഷോത്തമൻ ശാന്തി, സതീഷ് ശാന്തി എന്നിവരുടെ നേതൃത്വത്തിലുള്ള ആചാര അനുഷ്ഠാനങ്ങളോടെയാണ് നടക്കുന്നത്. ഇന്ന് രാവിലെ . 9.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാർ സ്വാഗതമാശംസിക്കും. യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം . യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. വിശുദ്ധാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. ധർമ്മചൈതന്യ സ്വാമി യജ്ഞമാഹാത്മ്യ പ്രഭാഷണം നടത്തും. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, തൊടുപുഴ യൂണിയൻ കൺവീനർ ഇൻചാർജ് ഡോ. കെ. സോമൻ, പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു, അടിമാലി യൂണിയൻ സെക്രട്ടറി കെ.കെ. ജയൻ എന്നിവർ പ്രഭാഷണം നടത്തും. രാജാക്കാട് യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ നന്ദി പറയും. 10.30 മുതൽ സ്വാമിനി നിത്യചിന്മയി ക്ലാസെടുക്കും. നാലിന് ഗുരുദേവ ആരാധന, സമർപ്പണം എന്നിവ നടക്കും. 22ന് രാവിലെ മഹാഗണപതിഹോമം, ശാന്തിഹവനം, ശാരദാർച്ചന, ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവ നടക്കും. ഒമ്പതിന് ധർമ്മചൈതന്യ സ്വാമി പ്രഭാഷണം നടത്തും. 10ന് ശിവസ്വരൂപാനന്ദ സ്വാമി ക്ലാസെടുക്കും. 1.30 മുതൽ ഗുരുപ്രകാശം സ്വാമി ക്ലാസെടുക്കും. മൂന്നിന് സർവ്വൈശ്വര്യപൂജ. 4.30ന് ഗുരുദേവ ആരാധന, സമർപ്പണം. മൂന്നാം ദിനമായ 23ന് വൈകിട്ട് 3.30ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പ്രാർത്ഥനാ പുസ്തകം ശ്രീനാരായണ ഗീതാമൃതം പ്രകാശനം ചെയ്യും.