വള്ളിപ്പാറ: വീടിന്റെ വാതിൽ അടഞ്ഞതോടെ പുറത്ത് കടക്കാൻ കഴിയാതിരുന്ന 3 വയസുകാരിയെ അഗ്നിശമന ഉദ്യോഗസ്ഥരുടെ സഹായത്തോടെ പുറത്ത് എത്തിച്ചു. ഇന്നലെ രാവിലെ 10.45 നാണ് സംഭവം. മുട്ടം ചള്ളാവയൽ പഴുക്കത്തറ മാത്യുവിന്റെ ഭാര്യ വീടിന്റെ മുന്നിലെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ വീടിനകത്തുണ്ടായിരന്ന കുട്ടി മുൻവശത്തെ വാതിൽ അറിയാതെ അകത്ത് നിന്ന് അടച്ചു. ഇതേ തുടർന്ന് അകത്ത് നിന്ന് വാതിൽ ലോക്കായി. പുറക് വശത്തെ വാതിൽ അകത്ത് നിന്ന് കുറ്റി ഇട്ട അവസ്ഥയിലായിരുന്നതിനാൽ പുറമെ നിന്ന് തുറക്കാനും കഴിഞ്ഞില്ല. കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സ്റ്റേഷൻ ഇൻ ചാർജ് ഓഫീസർ ടി കെ ജയറാമിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി വീടിന്റെ പുറകിലെ വാതിൽ തുറന്ന് കുട്ടിയെ പുറത്ത് എത്തിച്ചു.