2018 ൽ ആരംഭിച്ച യൂണിറ്റിന് ചിലവാക്കിയത് 15.7 ലക്ഷം രൂപ
കട്ടപ്പന: വലിയ പ്രതീക്ഷയോടെ കട്ടപ്പന നഗരസഭ ആരംഭിച്ച കോട്ടൺ ക്യാരി ബാഗ് നിർമ്മാണ യൂണിറ്റും ഉപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുന്നു. വികസനഫണ്ടിൽ നിന്ന് 15.70 ലക്ഷം രൂപ മുതൽ മുടക്കി കുടുംബശ്രീയ്ക്ക് കൈമാറിയ പദ്ധതിയാണ് ഉപേക്ഷിക്കപ്പെട്ടത്. പദ്ധതിയിൽ അപകാതകളുണ്ടെന്ന് 2017- 18 സാമ്പത്തിക വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ച് യൂണിറ്റ് പ്രവർത്തിപ്പിക്കണമെന്ന് ഓഡിറ്റ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയെങ്കിലും ഇതു പ്രാവർത്തികമായില്ല. കട്ടപ്പന നഗരത്തിനെ പ്ലാസ്റ്റിക് ക്യാരിബാഗിൽ നിന്ന് മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വമ്പൻ പദ്ധതിയാണ് മൂന്ന് വർഷമായി പ്രവർത്തന രഹിതമായിക്കിടക്കുന്നത്. 2018 ഒക്ടോബർ 27ന് കോയമ്പത്തൂർ ആസ്ഥാനമായുള്ള ഫൈവ് ഫിംഗേഴ്സ് എന്ന സ്ഥാപനം വഴിയാണ് ആധുനിക യന്ത്രങ്ങൾ ഇറക്കുമതി ചെയ്ത് നഗരസഭ കോട്ടൺ ക്യാരി ബാഗ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്. മുനിസിപ്പൽ കാര്യാലയത്തിന് എതിർവശത്തുള്ള ഗ്രൗണ്ടിൽ സ്ഥിതി ചെയ്യുന്ന സ്റ്റേജിൽ താത്കാലിക ഷെഡ് ഉണ്ടാക്കി അതിനുള്ളിലാണ് യന്ത്രങ്ങൾ പ്രവർത്തന സജ്ജമാക്കിയത്. അന്നത്തെ കൃഷി മന്ത്രിയായിരുന്ന വി.എസ് സുനിൽ കുമാറാണ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. ആഘോഷമായി ഉദ്ഘാടനം നടത്തിയെങ്കിലും 2019 ജനുവരിയോടെയാണ് യൂണിറ്റ് പ്രവർത്തിച്ച് തുടങ്ങിയത്. എന്നാൽ അധികം വൈകാതെ തന്നെ ഇറക്കുമതി ചെയ്ത യന്ത്രം പലതവണ തകരാറിലായി. പിന്നീട് കേടായ യന്ത്രം നന്നാക്കി കുടുംബശ്രീയെ പദ്ധതി ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് മധുരയിൽ നിന്നെത്തിച്ച പ്രത്യേക തരം കോട്ടൺ ഉപയോഗിച്ച് ബാഗുകൾ നിർമ്മിച്ച് ഏതാനും കടകളിൽ വിതരണം ആരംഭിച്ചപ്പോഴേയ്ക്കും നിർമ്മാണത്തിന് ഉപയോഗിക്കുന്ന കോട്ടൺ ഉത്പന്നം സർക്കാർ നിരോധിച്ചെന്ന വാദം നിരത്തി പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. ഇതിനു ശേഷമാണ് പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ട് വന്നത്. യന്ത്രോപകരണങ്ങൾ നഗരസഭയിൽ എത്തിക്കുമ്പോൾ 80 ശതമാനം തുകയും സ്ഥാപിച്ചതിന് ശേഷം മെയിന്റനൻസും പൂർത്തിയാക്കി ബാക്കി തുകയും നൽകണമെന്നായിരുന്നു തീരുമാനം. എന്നാൽ ഈ തീരുമാനം അട്ടിമറിച്ച് മുഴുവൻ തുകയും ഒരുമിച്ച് നൽകിയെന്നും റിപ്പോർട്ടിലുണ്ട്.
ജൈവവള സംസ്കരണ പ്ലാന്റും പ്രവർത്തനരഹിതം
നഗരസഭയിലെ ജൈവമാലിന്യ നിർമ്മാർജനം ഫലപ്രദമായി നടപ്പാക്കുന്നതിനായി 2018- 2019 സാമ്പത്തിക വർഷത്തിൽ ആവിഷ്കരിച്ച ജൈവവള സംസ്കരണ പ്ലാന്റ് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. 30 ലക്ഷം രൂപ അടങ്കൽ തുകയായി ആവിഷ്കരിച്ച പദ്ധതിയ്ക്കായി വാങ്ങിയ ഓർഗാനിക് വേസ്റ്റ് കൺവർട്ടർ സിസ്റ്റമാണ് പ്രവർത്തിക്കാത്തത്. പുളിയൻ മലയിലെ ഡംബിംഗ് യാർഡിലെ പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റിനുള്ളിൽ മാലിന്യങ്ങൾക്കിടയിലാണ് ഉപകരണം സൂക്ഷിച്ചിരിക്കുന്നത്. കോട്ടൺ ക്യാരിബാഗ് യൂണിറ്റ്, പുളിയൻമലയിലെ ജൈവവള നിർമ്മാണ പ്ലാന്റ് എന്നിവയിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നുണ്ട്.