തൊടുപുഴ: ജില്ലയിൽ ആദ്യമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മുതലക്കോടം ഹോളി ഫാമിലി ആശുപത്രി ചരിത്രം കുറിച്ചു. മേയ് ഒന്നിന് പൂമാല സ്വദേശിയായ ഓട്ടോ ഡ്രൈവർ രതീഷ് രാജന് (39) അമ്മ പത്മാക്ഷിയുടെ വൃക്കയാണ് മാറ്റി വച്ചതെന്ന് ആശുപത്രി അധികൃതർ വാർത്താമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത ട്രാൻസ്‌പ്ലാന്റ് സർജൻ ഡോ. ജോർജ്ജ് പി. എബ്രഹാമിന്റെ നേതൃത്വത്തിൽ നെഫ്രോളജിസ്റ്റ് ഡോ. നിഷാദ് രവീന്ദ്രൻ, യൂറോളജിസ്റ്റ് ഡോ. അരവിന്ദ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. എം.എം. തോമസ്, ഡോ. വിനു ജോസ്, ഡോ. ഉഷ ജേക്കബ് എന്നിവരടങ്ങുന്ന സംഘമാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർവ്വഹിച്ചത്. 2016ൽ രതീഷ് തന്റെ ഒരു കിഡ്‌നി മറ്റൊരാൾക്ക് ദാനം ചെയ്തിരുന്നു. നാലുവർഷം പിന്നിട്ടപ്പോൾ പാമ്പ് കടിയേറ്റതിനെ തുടർന്ന് രതീഷിന്റെ രണ്ടാമത്തെ കിഡ്‌നിയുടെ പ്രവർത്തനം തകരാറിലായി. അതോടെ 2021 ഡിസംബർ മാസം മുതൽ രതീഷിന് ഡയാലിസിസ് വേണ്ടി വന്നു. തുടർന്നാണ് വൃക്ക മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ, ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവ്, സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രതീഷിന്റെ കുടുംബത്തിന് താങ്ങാനാവുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വളരെ കുറഞ്ഞ ചെലവിൽ ഹോളി ഫാമിലി ആശുപത്രി ഈ വെല്ലുവിളി ഏറ്റെടുത്തത്. ശസ്ത്രക്രിയ കഴിഞ്ഞ് രതീഷും അമ്മ പത്മാക്ഷിയും പൂർണ്ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. സംസ്ഥാനത്തെ മറ്റ് ആശുപത്രികളേക്കാളും താരതമ്യേന കുറഞ്ഞ നിരക്കിലാണ് ഇവിടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ആശുപത്രി ഡയറക്ടർ സി. ത്രേസ്യാമ്മ പള്ളിക്കുന്നേൽ, അഡ്മിനിസ്‌ട്രേറ്റർ സി. മേഴ്‌സി കുര്യൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോളി ജോർജ്, ഡോ. നിഷാദ് രവീന്ദ്രൻ, യൂറോളജിസ്റ്റ് ഡോ. ആർ. അരവിന്ദ്, ട്രാൻസ്‌പ്ലാന്റ് കോർഡിനേറ്റർ അനൂപ് ജോസ് എന്നിവർ പങ്കെടുത്തു.