പീരുമേട്: പെരിയാർ കടുവാ സങ്കേതത്തിന് സമീപപ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം കാട്ടുമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് സാധാരണ സംഭവമായി മാറിയതോടെ നാട്ടുകാർ ഭയത്തിലാണ്. കഴിഞ്ഞ ദിവസമാണ് വണ്ടിപ്പെരിയാർ കറുപ്പ് പാലത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മ്ലാവ് ചാടി ഡ്രൈവർക്ക് പരിക്കേറ്റത്. കൈയ്ക്കും കാലിനും കഴുത്തിനും പരിക്കേറ്റ ഓട്ടോ ഡ്രൈവർ കറുപ്പുപാലം സ്വദേശി മുബാഷിനെ വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പ് കുമളി ചെളിമടയിൽ ബാംഗ്ലൂർക്ക് പോയ യാത്രാ സംഘത്തിന്റെ കാറിനു മുകളിലേക്ക് കാട്ട് പോത്ത് എടുത്തുചാടി കാറിന്റെ മുൻഭാഗം തകർന്നിരുന്നു. വണ്ടിപ്പെരിയാർ വള്ളക്കടവ് തുടങ്ങിയ പ്രദേശങ്ങളിലും പീരുമേട്, കല്ലാർ, തോട്ടാപ്പുര, കരണ്ടകപ്പാറ പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്. ഇവിടങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ഭയത്തോടെയാണ് കഴിയുന്നത്.