മലങ്കര: പെരുമറ്റം കനാലിന് സമീപം ഓടകളിൽ നിന്ന് ദുർഗന്ധം വമിക്കുന്ന അഴുക്ക് വെള്ളം വ്യാപകമായി റോഡിലേക്ക് ഒഴുകുന്നതായി പരാതി. കനാലിന് സമീപം ഒരു വശത്ത് ഓടയും മറു വശത്ത് ഐറീഷ് ഓടയും സ്ഥാപിച്ചിട്ടുണ്ട്. കല്ലും,മണ്ണും,കാട്ട് ചെടികളും,ചപ്പ് ചവറുകളും,പ്ലാസ്റ്റിക്ക് കുപ്പികളും - കൂടുകളും നിറഞ്ഞ് രണ്ട് വശത്തുമുള്ള ഓടകളിലൂടെ വെള്ളം ഒഴുകി പോകാത്ത അവസ്ഥയാണ്. ഇതേ തുടർന്നാണ് അഴുക്ക് വെള്ളം റോഡിലേക്ക് വ്യാപകമായി എത്തുന്നത്. പഴയ റോഡ് ആരംഭിക്കുന്ന സ്ഥലത്ത് നിന്ന് ഒഴുകി വരുന്ന അഴുക്ക് വെള്ളം റോഡിന്റെ രണ്ട് വശത്തൂടെയും പെരുമറ്റം കവലയിലേക്കാണ് എത്തുന്നത്. ഇതേ തുടർന്ന് ഇവിടെ അഴുക്ക് വെള്ളം കെട്ടിക്കിടക്കുന്നുമുണ്ട്. പാലത്തിന് സമീപത്തുള്ള ഐറീഷ് ഓടയുടെ ഭാഗത്ത്‌ നിന്ന് മഴ വെള്ളം റോഡിലേക്കാണ് കുത്തി ഒഴുകുന്നത്. ഇതേ തുടർന്ന് റോഡിന്റെ ടാറിങ്ങ് വ്യാപകമായി പൊട്ടിപ്പൊളിയാനും സാദ്ധ്യത ഏറെയാണ്.