കുടയത്തൂർ: അപകടാവസ്ഥയിലായ വൈദ്യുതി പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരം ആകുന്നില്ല. കുടയത്തൂർ മുസ്ലിം പള്ളി ജങ്ഷന് സമീപമുള്ള കുഴിമണ്ഡപത്തിൽ കോളനിയിലേക്കുള്ള നടപ്പു വഴിയോട് ചേർന്നാണ് അപകട ഭീഷണി ഉയർത്തി വൈദ്യുതി പോസ്റ്റ് ഒടിയാറായ നിലയിലുള്ളത്. പാവപ്പെട്ടവരായ അനേകം കുടുബങ്ങൾ താമസിക്കുന്ന കോളനിയാണിത്. വൈദ്യുതി പോസ്റ്റിന്റെ അപകടാവസ്ഥ പ്രദേശവാസികൾ നിരവധി തവണ വൈദ്യുതി വകുപ്പ് അധികാരികളെ അറിയിച്ചതാണ്. ഉടൻ ശരിയാക്കാം എന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല എന്ന് ജനങ്ങൾ പറയുന്നു. ഒരു വർഷത്തിലേരെ കാലമായിട്ട് ഈ അവസ്ഥയാണ്. ഏറെ അപകട ഭീഷണിയിൽ നിൽക്കുന്ന ദ്രവിച്ച വൈദ്യുതി പോസ്റ്റ് അടിയന്തരമായി മാറ്റി പുതിയത് ഇടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.