മൂന്നാർ: പാട്ടക്കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി കൈവശം വച്ചിരുന്ന 2.3 ഏക്കർ സർക്കാർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു. പള്ളിവാസൽ വില്ലേജിലെ പോതമേട്ടിൽ അനിലാ മുരളി കൈവശം വച്ചിരുന്ന റീസർവ്വേ നമ്പർ 209/1, 209/2, 205/2 എന്നിവയിൽ ഉൾപ്പെട്ട ഏലത്തോട്ട പട്ടയ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. ഭൂമിയുടെ അവകാശ തർക്കം ഉന്നയിച്ച് ഇവർ ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത കേസിൽ സർക്കാരിന് അനുകൂലമായി വിധി വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി തിരികെ ഏറ്റെടുക്കാൻ ജില്ലാ കളക്ടർക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പള്ളിവാസൽ വില്ലേജ് ഓഫീസർ വൈ.എസ്. സുമ കുമാറിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ഭൂമി ഏറ്റെടുത്തത്.