തൊടുപുഴ: പാമ്പ് പിടുത്തത്തിൽ തൊടുപുഴയിലെ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശീലനം നൽകി. ഇന്നലെ രാവിലെ മുതൽ തൊടുപുഴ അഗ്നിരക്ഷാ നിലയത്തിൽ തിരുവനന്തപുരം കേരളാ ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വനംപരിസ്ഥിതി, പാമ്പ്, പാമ്പ് വിഷം, പാമ്പ് വിഷം ഏറ്റാലുള്ള പ്രഥമ ചികിത്സ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നൽകി. യോഗത്തിൽ തൊടുപുഴ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ടി.കെ. ജയറാം അദ്ധ്യക്ഷത വഹിച്ചു. ഗ്രേഡ് സീനിയർ ഫയർ ഓഫീസർ ബിൽസ് ജോർജ്ജ്, പോസ്റ്റ് വാർഡൻ അബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഇരുപത്തഞ്ചോളം പേർക്ക് വനംവകുപ്പ് പാമ്പിനെ പിടിക്കുന്നതിനുള്ള ലൈസൻസും സർട്ടിഫിക്കറ്റും നൽകി. പരിശീലനം പൂർത്തിയാക്കിയതോടുകൂടി തൊടുപുഴ അഗ്‌നി രക്ഷാ നിലയത്തിന് കീഴിൽ വരുന്ന തൊടുപുഴ നഗരസഭയിലും 10 പഞ്ചായത്തുകളിലും പാമ്പിനെ പിടികൂടി അവയെ പുനരധിവസിപ്പിക്കുന്നതിന് പരിശീലനം ലഭിച്ചവരുടെ സേവനം ലഭ്യമാകും. പ്രതിഫലേച്ഛ കൂടാതെ സന്നദ്ധപ്രവർത്തനങ്ങളിൽ താത്പര്യമുള്ളവർക്ക് പ്രായ- ലിംഗ ഭേദമില്ലാതെ കേരള അഗ്‌നിരക്ഷാ വകുപ്പിന് കീഴിലുള്ള കേരള സിവിൽ ഡിഫൻസിൽ ചേർന്ന് പ്രവർത്തിക്കാൻ www.cds.fire.kerala.gov.in എന്ന സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം.