നെടുങ്കണ്ടം: ദേശീയ രാഷ്ട്രീയം നാളെകളിൽ തീരുമാനിക്കപ്പെടുന്നത് പ്രാദേശിക രാഷ്ട്രീയ കക്ഷികളായിരിക്കുമെന്നും കേരള കോൺഗ്രസ് (എം) പാർട്ടിക്ക് ജനപിന്തുണ നാൾക്കുനാൾ വർദ്ധിക്കുകയാണെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കേരള യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്ത് നടക്കുന്ന ലീഡ്- 2030 ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് കേരള കോൺഗ്രസ് (എം) പാർട്ടിയുടെ മുന്നണി മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. 'യുവജനങ്ങളും സംരംഭങ്ങളും' എന്ന വിഷയത്തിലുള്ള ശില്പശാല ന്യൂനപക്ഷ വികസന കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് നയിച്ചു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡണ്ട് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജിൻസൺ വർക്കി ആമുഖപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന നേതാക്കന്മാരായ സണ്ണി സ്റ്റോറിൽ, അഡ്വ. ജോബിൻ ജോളി, ജില്ലാ നേതാക്കന്മാരായ ജോമോൻ പൊടിപാറ, ടെസ്സിൻ കളപ്പുര, ജോമി കുന്നപ്പള്ളി, ഡെൻസിൽ വെട്ടിക്കുഴിച്ചാലിൽ, മാത്യൂസ് കുളത്തിനാൽ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ബ്രീസ് ജോയി മുല്ലൂർ, അനീഷ് മങ്ങാരത്തിൽ, റോയ്‌സൺ കുഴിഞ്ഞാലിൽ, അനിൽ കോലോത്ത് എന്നിവർ പ്രസംഗിച്ചു.