പീരുമേട്: കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയുടെ സഹകരണത്തോടെ പട്ടുമല പകൽ വീട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പൊതുജനങ്ങളുമായി കൂടുതൽ അടുപ്പം സൃഷ്ടിക്കുക, പൊലീസ് സേനയോട് പൊതുജനത്തിന് ഉണ്ടാകുന്ന അകൽച്ച ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെ പൊതുജന സൗഹാർദ്ദപരമായി കെ.പി.എ അഞ്ചാം ബെറ്റാലിയൻ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ കേരള പൊലീസ് അസോസിയേഷൻ പ്രസിഡന്റ് ഷൈജു ടി.എസ് അദ്ധ്യക്ഷത വഹിച്ച യോഗം പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കിറ്റ് വിതരണം കെ.പി.എ അഞ്ചാം ബറ്റാലിയൻ കമാൻഡർ ബേബി കുര്യൻ നിർവഹിച്ചു. പൊലീസ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് സ്വാഗതവും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ഷൈജു, കെ.പി.എ അഞ്ചാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡർ സ്റ്റാർമോൻ ആർ. പിള്ള, പീരുമേട് കുടുംബശ്രീ ചെയർപേഴ്‌സൺ ശശികല ശശി, മേരി ക്യൂൻസ് ആശുപത്രി മാനേജർ അജോ വാന്തിയിൽ, പി.ആർ.ഒ സോണി, പീരുമേട് ഗ്രാമപഞ്ചായത്ത് അംഗം എൽസി എന്നിവർ ആശംസയും കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ശിവകുമാർ നന്ദിയും പറഞ്ഞു.