ഉപ്പുതോട്: റോഡ് നിർമ്മാണത്തെ തുടർന്ന് എസ്.എൻ.ഡി.പി യോഗം കരിക്കിൻമേട് ശാഖവക ഭദ്രാദേവി ക്ഷേത്രം മണ്ണിടിച്ചിൽ ഭീഷണിയിൽ. നിർമ്മാണം നടക്കുന്ന കരിക്കിൻമേട്- പ്രകാശ് റോഡിന്റെ അരികാണ് കനത്ത മഴയെ തുടർന്ന് ഇടിഞ്ഞ് അപകടാവസ്ഥയിലായത്. മണ്ണിടിച്ചിൽ തുടർന്നാൽ ക്ഷേത്രത്തിനു ഭീക്ഷണിയാണ്. റോഡ് ക്ഷേത്രം വക സ്ഥലത്തുകൂടി മാത്രം ഏകദേശം 800 മീറ്ററോളം ദൂരം കടന്നുപോകുന്നുണ്ട്. അശാസ്ത്രീയമായ രീതിയിൽ മണ്ണെടുത്തതിനാലാണ് ക്ഷേത്രം അപകടാവസ്ഥയിലായത്. കരാറുകാരുടെ അശ്രദ്ധമൂലം ക്ഷേത്രത്തിലേക്കുള്ള റോഡും ഗ്രൗണ്ടും തകർന്ന് കിടക്കുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം അടിയന്തരമായി കെട്ടി സംരക്ഷിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കരിക്കിൻമേട് ശാഖാ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് യൂണിയൻ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, ശാഖാ സെക്രട്ടറി സജി പേഴത്തനാനി, യൂണിയൻ കമ്മിറ്റി അംഗം തങ്കച്ചൻ കണ്ടംകുളത്ത് എന്നിവരുടെ നേതൃത്വത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. എത്രയും വേഗം സംരക്ഷണ ഭിത്തി നിർമ്മിച്ച് ക്ഷേത്രത്തെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ശാഖാ കമ്മിറ്റിയും നാട്ടുകാരും അറിയിച്ചു.