മൂലമറ്റം: ജോലിയ്ക്കിടെ ഷോക്കേറ്റ് മരിച്ച വൈദ്യുതി വകുപ്പ് ജീവനക്കാരൻ മൂലമറ്റം പുത്തൻപുരയ്ക്കൽ മനു തങ്കപ്പന് (41) വീട്ടുകാരും നാട്ടുകാരും നിറകണ്ണുകളോടെ വിട നൽകി. മൂലമറ്റം ഇലപ്പള്ളിയിൽ ട്രാൻസ്ഫോർമറിൽ അറ്റകുറ്റപണികൾ നടത്തുന്നതിനിടയിലാണ് വൈദ്യുതി വകുപ്പ് മൂലമറ്റം സെക്ഷനിലെ ലൈൻമാനായിരുന്ന മനു തങ്കപ്പന് ഷോക്കേറ്റത്. നാട്ടിലുള്ള ഏവരുമായി സൗഹൃദത്തോടെ ഇടപെട്ടിരുന്ന തങ്ങളുടെ പ്രിയപ്പെട്ട മനുവിനെ അവസാനമായി കാണാൻ നാടിന്റെ വിവിധ മേഖലകളിൽ നിന്ന് അനേകരാണ് എത്തിയത്. വലിയൊരു സുഹൃദ് വലയത്തിന് ഉടമയായിരുന്നു മനു. മനുവിന്റെ സഹോദരൻ ബോസ് വൈദ്യതി വകുപ്പിൽ ജോലിയിലിരിക്കെ ഏഴ് വർഷങ്ങൾക്ക് മുമ്പ് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഇതിന്റെ ദുഃഖത്തിൽ നിന്ന് കുടുംബം മോചിതരാകും മുമ്പാണ് അകാലത്തിലുള്ള മനുവിന്റെ മരണം. ഇന്നലെ രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തു. ഉച്ചയ്ക്ക് രണ്ടിന് ഭൗതീക ശരീരം മനു താമസിച്ചിരുന്ന മൂലമറ്റം വൈദ്യുതി വകുപ്പിന്റെ ക്വാർട്ടേഴ്സിൽ എത്തിച്ചു. നൂറു കണക്കിനാളുകളാണ് ഇവിടെ അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. മുൻമന്ത്രി എം.എം. മണി ഉൾപ്പെടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ചടങ്ങുകൾ പൂർത്തിയാക്കി ചേറാടിയിലുള്ള വൈദ്യുതി വകുപ്പ് ശ്മശാനത്തിൽ വൈകിട്ട് അഞ്ചിന് സംസ്കാരം നടത്തി.