'ഹരിത മിത്രം" മൊബൈൽ ആപ്പ് ജൂൺ മുതൽ
തൊടുപുഴ: മാലിന്യം ഉറവിടത്തിൽ തന്നെ കണ്ടെത്താനും ഇതിനെ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും സഹായകമാകുന്ന വിധത്തിൽ 'ഹരിത മിത്രം" എന്ന പേരിൽ മൊബൈൽ ആപ്പ് പ്രവർത്തന സജ്ജമാകുന്നു. മാലിന്യ രഹിതമായ അന്തരീക്ഷം വാർത്തെടുക്കാൻ ലക്ഷ്യമിട്ട് ഹരിത കേരളം മിഷനും ശുചിത്വമിഷനും ചേർന്നാണ് മൊബൈൽ ആപ്ലിക്കേഷനുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജില്ലയിൽ അടുത്ത മാസം ആപ്പ് പ്രവർത്തന സജ്ജമാക്കും. രൂപപ്പെടുന്ന മാലിന്യത്തിന്റെ അളവ്, തരം, അവ കൈകാര്യം ചെയ്യപ്പെടുന്ന രീതി, എന്നിവ കൃത്യമായി അറിഞ്ഞോലേ മാലിന്യ സംസ്‌കരണ പൂർണമായി നടപ്പാക്കാൻ കഴിയൂ. ഇത്തരം സംവിധാനങ്ങളുടെ അഭാവം നില നിൽക്കുന്ന സാഹഹചര്യത്തിലാണ് ഹരിത കേരളം മിഷനും ശുചിത്വ മിഷനും ചേർന്ന് മൊബൈൽ ആപ്ലിക്കേഷനുമായി എത്തുന്നത്. ആപ്ലിക്കേഷൻ ഓൺലൈനിലും ഓഫ് ലൈനിലും പ്രവർത്തിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്ന മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് ആപ് സജ്ജീകരിച്ചിരിക്കുന്നത്.
ആദ്യഘട്ടം 27 തദ്ദേശസ്ഥാപനങ്ങളിൽ
ജില്ലയിൽ 26 ഗ്രാമ പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമാണ് ആപ്പ് ആദ്യ ഘട്ടത്തിൽ പ്രവർത്തനം തുടങ്ങുക. 1532 ഹരിത കർമസേനാംഗങ്ങളാണ് ജില്ലയിലുള്ളത്. ഇവർ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ എന്തൊക്കെ, ഇവരുടെ പ്രവർത്തനം എന്നിവയൊക്കെ ആപ്പിലൂടെ അറിയാനാകും. ഏതെങ്കിലും വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ വിട്ട് പോയാൽ ആ വിവരവും ആപ്പിലൂടെ അറിയാനാകും. ഇതിനായി ഓരോ വീടുകളിലും ക്യൂ ആർ കോഡ് നൽകും. ഡിജിറ്റൽ പെയ്‌മെന്റും ഇതിലൂടെ നടത്താം .
ജനങ്ങളും പ്രധാന പങ്കാളി
ഉപഭോക്താവും ഈ സംവിധാനത്തിന്റെ പ്രധാന ഘടകമാണ്. മൊബൈൽ ആപ്പ് വഴി ഉപഭോക്താവിന് പ്രത്യേക സേവനങ്ങൾ ലഭ്യമാകും. പരാതികളും ഉന്നയിക്കാം, മാലിന്യം തള്ളുന്നതടക്കമുള്ള കാര്യങ്ങളും റിപ്പോർട്ട് ചെയ്യാം. മാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്തിന്റെ ജിയോ ലൊക്കേഷനും ഫോട്ടോയും രേഖപ്പെടുത്താനും ഹരിതമിശ്രം സഹായിക്കും. ഹരിത കർമ സേന അംഗങ്ങൾ, സൂപ്പർ വൈസർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് ഈ ആപ്ലിക്കേഷനിലൂടെ വിവരം ലഭിക്കും. കെൽട്രോണിന്റെ സഹായത്തോടെയാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുള്ളത്.