നെടുങ്കണ്ടം: നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമായ തൂവൽ ചപ്പാത്തിന്റെ സംരക്ഷണ ഭിത്തിയുടെ കല്ലുകൾ ഇടിഞ്ഞതോടെ ഭീതിയോടെ മറുകരയെത്തേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ. രണ്ട് വർഷമായി വാഗ്ദാനം മാത്രമായി തുടരുകയാണ് തൂവൽ പാലം. എല്ലാ വർഷവും വർഷകാലത്തു ചപ്പാത്ത് കരകവിഞ്ഞൊഴുകുമ്പോൾ സംരക്ഷണ ഭിത്തി തകരുകയും ചപ്പാത്ത് ഒലിച്ചു പോവുകയും ചെയ്യും. 2018 ലെ പ്രളയത്തിൽ തകർന്ന ചപ്പാത്ത് പ്രദേശത്തെ ജനകീയ സമിതി പുനർനിർമ്മിച്ചിരുന്നു. ഇതിന്റെ സംരക്ഷണഭിത്തിയാണ് കഴിഞ്ഞ ദിവസം വീണ്ടും തകർന്നത്. ചപ്പാത്തിന്റെ ശോചനീയാവസ്ഥ നേരിട്ട് കാണാൻ എല്ലാവർഷവും ജനപ്രതിനിധികൾ എത്താറുണ്ട്. രണ്ട് വർഷം മുമ്പ് ഇവിടെ പുതിയ പാലം നിർമ്മിക്കാൻ എം.എം മണി എം.എൽ.എ 90 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇത് പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങി. എഴുകുംവയൽ -മഞ്ഞപ്പാറ റോഡിൽ തൂവൽ ജംഗ്ഷന് സമീപമുള്ള ചാപ്പാത്താണ് ഇത്. കല്ലാർ ഡാം തുറന്നുവിടുന്നതോടെ കുതിച്ചെത്തുന്ന വെള്ളം തൂവൽ ചപ്പാത്തിന്റെ മദ്ധ്യഭാഗം തകർക്കും. ചപ്പാത്ത് പൂർണമായി തകർന്നാൽ ഇരുകരകളിലുമുള്ള നാട്ടുകാർ ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്. 2018ലെ മഹാപ്രളയകാലം മുതൽ ഇതുവരെ നിരവധി തവണയാണ് ഡാം തുറന്നു വിട്ടത്. വെള്ളപാച്ചിൽ മൂലം ചപ്പാത്ത് ഒരോ തവണയും തകരും. ഓരോ തവണയും നാട്ടുകാരുടെ നേതൃത്വത്തിൽ താത്കാലിക സംവിധാനമൊരുക്കി ഗതാഗതം പുനഃസ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.