
തൊടുപുഴ: കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർ നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ഉപരോധത്തിനൊടുവിൽ കുണിഞ്ഞി ക്ഷീരോത്പാദക സഹകരണസംഘം ക്ഷീരകർഷകനായ രമേശനെ പാലളക്കാൻ അനുവദിച്ചു. വ്യക്തിവിരോധത്തിന്റെ പേരിൽ നാല് പശുക്കളുള്ള കുണിഞ്ഞി തോട്ടത്തിൽ ടി.കെ. രമേശന്റെ പാലളക്കാൻ ഒരു വർഷത്തോളമായി ക്ഷീരസംഘം അനുവദിച്ചിരുന്നില്ല. രമേശ് 2018 മുതൽ ഒന്നര വർഷത്തോളം പ്രസിഡന്റും അടുത്ത കാലം വരെ അംഗവുമായിരുന്ന കുണിഞ്ഞി ക്ഷീരസംഘമാണ് പാലളക്കാനുള്ള അവകാശം നിഷേധിച്ചത്. കഴിഞ്ഞ വർഷം ജൂലായ് മുതലാണ് ക്ഷീരസംഘം അധികൃതർ രമേശിനെ പാലളക്കുന്നതിൽ നിന്ന് വിലക്കിയത്. പ്രശ്‌നം പഠിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഡയറി ഡെവലപ്‌മെന്റ് ഓഫീസറെ തന്നെ ഹൈക്കോടതി ചുമതലപ്പെടുത്തിയെങ്കിലും രമേശിന് നീതി ലഭിച്ചില്ല. തുടർന്നാണ് ഉപരോധ സമരവുമായി രംഗത്തെത്തിയത്. കരിങ്കുന്നം സി.ഐയുടെയും പഞ്ചായത്ത് പ്രസിഡന്റ് അടങ്ങുന്ന ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്കൊടുവിൽ രമേശിന്റെ പാൽ അളന്ന് പ്രശ്‌നം പരിഹരിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യു അദ്ധ്യക്ഷത വഹിച്ച സമരപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ ഉദ്ഘാടനം ചെയ്തു. ഭരണസമിതിയുടെ നിലപാട് നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നും ക്ഷീരകർഷകരെ സംരക്ഷിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബാങ്ക് പ്രസിഡന്റ് മാത്യു ആന്റണി, ബ്ലോക്ക് മെമ്പർ ജോബി മാത്യു, പഞ്ചായത്ത് മെമ്പർമാരായ ജോർജ് മുല്ലക്കരി, സേതുരാജ് എന്നിവർ നേതൃത്വം നൽകി. സോജൻ ഈറ്റയ്ക്കൽ, ആർ. ഹരിശങ്കർ, ബേബി വാഴക്കാല, ബിജു മിച്ചനാട്ട്, സണ്ണി പുത്തൻപുരയ്ക്കൽ, ജോഷി കണ്ടത്തിമാക്കൽ, സി.യു. കുശലകുമാർ, സണ്ണി കല്ലുംപുറത്ത്, സണ്ണി പനയ്ക്കൽ എന്നിവർ പങ്കെടുത്തു.