naufal
നൗഫൽ

കുമളി: പട്ടാപ്പകൽ നടുറോഡിൽ യുവതിയുടെ മാല പൊട്ടിച്ചുകടന്ന യുവാക്കളിൽ രണ്ടാമനെ തമിഴ്‌നാട്ടിൽ നിന്ന് കുമളി പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂർ റാക്കിയ പാളയം സ്വദേശി നൗഫലാണ് (22) അറസ്റ്റിലായത്. നിരവധി മോഷണം, പിടിച്ചുപറി കേസുകളിലെ പ്രതിയാണ് നൗഫൽ. കഴിഞ്ഞമാസം 27നാണ് അമരാവതി സ്വദേശി രാജി ലിജോയുടെ കഴുത്തിൽ കിടന്ന മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കടന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സംഘം തിരുപ്പൂർ സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ സൂര്യയെ (25) ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നൽകിയ വിവരത്തെ തുടർന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ ജോബിൻ ആന്റണി, എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മൂന്നാമനു വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്.