തൊടുപുഴ: നഗരത്തിലെ ഗതാഗത കുരുക്കും ഇത് മൂലമുള്ള അപകടങ്ങളും ഒഴിവാക്കാൻ ഗതാഗത ഉപദേശക സമിതി കഴിഞ്ഞ നവംബറിലെടുത്ത തീരുമാനം ആറ് മാസം കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതിൽ ഉദ്യോഗസ്ഥർക്ക് രൂക്ഷ വിമർശനം. നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ കൗൺസിലർമാരും വിവിധ വകുപ്പുകളും സംഘടനാ പ്രതിനിധികളും പങ്കെടുത്ത അടിയന്തര യോഗത്തിലാണ് വിമർശനമുയർന്നത്. 2021 നവംബറിൽ ചേർന്ന ഗതാഗത ഉപദേശക സമിതിയിലെ തീരുമാനങ്ങൾ നടപ്പാക്കാത്തതാണ് നഗരത്തിലെ ഇപ്പോഴത്തെ ഗതാഗത പ്രശ്‌നങ്ങൾക്ക് കാരണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഈ തീരുമാനങ്ങൾ എത്രയും വേഗം നടപ്പാക്കാനും യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എല്ലാ മാസവും യോഗം ചേരാനും തീരുമാനങ്ങൾ ഗതാഗത ഉപദേശക സമിതി ചേർന്ന് നടപ്പാക്കാനും തീരുമാനിച്ചു. കമ്മിറ്റി കൂടി പിരിയുന്നതല്ലാതെ ഒരു തീരുമാനവും നടപ്പാക്കുന്നില്ലെന്ന് ചെയർമാൻ പറഞ്ഞു. ഇതു മൂലം ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാത്ത സാഹചര്യമാണ്. നഗരത്തിൽ പലയിടത്തും രാവിലെയും വൈകിട്ടും ഗതാഗത കുരുക്ക് രൂക്ഷമാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങൾ നിറുത്തിയിടുന്നതും കുരുക്കിനിടയാക്കുന്നുണ്ട്. പാർക്കിംഗ് ഏരിയ ഉണ്ടായിട്ടും പലരും വാഹനങ്ങൾ രാവിലെ റോഡരികിൽ പാർക്ക് ചെയ്തിട്ട് മറ്റ് ജില്ലകളിലടക്കം ജോലിക്ക് പോയി വൈകിട്ട് തിരികെ വരുന്ന സാഹചര്യവുമുണ്ടെന്നും ചെയർമാൻ പറഞ്ഞു. യോഗത്തിൽ പൊലീസ് വൈകിയെത്തിയതിനെയും ചെയർമാൻ വിമർശിച്ചു. അനധികൃത പാർക്കിംഗ് മൂലം നഗരത്തിൽ കാൽനട യാത്ര പോലും ബുദ്ധിമുട്ടാണെന്നും തീരുമാനങ്ങൾ എത്രയും വേഗം നടപ്പിലാക്കണമെന്നും വൈസ് ചെയർമാൻ ജെസി ജോണി പറഞ്ഞു. പരമാവധി ബസുകൾ ടൗണിൽ പ്രവേശിക്കാതെ പോയാൽ കുരുക്ക് ഒരു പരിധി വരെ കുറയ്ക്കാനാകുമെന്ന് ബി.ജെ.പി കൗൺസിലർ ടി.എസ്. രാജൻ പറഞ്ഞു. ആറ് മാസം മുമ്പെടുത്ത തീരുമാനം ഇതുവരെ നടപ്പാക്കാത്തത് ഉദ്യോഗസ്ഥരുടെ ആർജ്ജവക്കുറവാണെന്ന് സി.പി.ഐ കൗൺസിലർ മുഹമ്മദ് അഫ്സൽ പറഞ്ഞു. രാഷ്ട്രീയ ഇടപെടൽ മൂലമാണ് പല തീരുമാനങ്ങളും നടപ്പിലാക്കാത്തതെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ. തോമസ് പറഞ്ഞു. തീരുമാനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന്
മർച്ചന്റ്സ് അസോസിയേഷൻ പ്രതിനിധി സാലി എസ്. മുഹമ്മദും പറഞ്ഞു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വിവിധ നിർദേശങ്ങൾ ട്രാക് പ്രതിനിധീകൾ യോഗത്തിൽ സമർപ്പിച്ചു. ട്രാക്ക് പ്രതിനിധികളായ സണ്ണി തെക്കേക്കര, എം.സി. മാത്യു, കൗൺസിലർമാരായ പി.ജി. രാജശേഖരൻ, ബിന്ദു പത്മകുമാർ, ഷീജ ഷാഹുൽ ഹമീദ് എന്നിവരെ കൂടാതെ മോട്ടോർ വാഹനവകുപ്പ്, ട്രാഫിക് പൊലീസ്, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും യോഗത്തിൽ സംസാരിച്ചു.
നടപ്പിലാക്കേണ്ട തീരുമാനങ്ങൾ
അമ്പലം ബൈപാസ്, മുല്ലയ്ക്കൽ ജംഗ്ഷൻ, മാവിൻചുവട്, മങ്ങാട്ടുകവല- കാഞ്ഞിരമറ്റം ബൈപ്പാസ് എന്നിവിടങ്ങളിലെ റോഡിലെയും ഫുട്പാത്തിലെയും വഴിയോരക്കച്ചവടം അവസാനിപ്പിക്കുക
ചരക്കുവാഹനങ്ങളിൽ നിന്ന് ലോഡ് ഇറക്കുന്നതും കയറ്റുന്നതും രാവിലെ എട്ടിന് മുമ്പും 11 മുതൽ മൂന്ന് വരെയുമായി നിജപ്പെടുത്തുക
മോർ ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിന് സമീപത്തെ മൂപ്പിൽക്കടവ്, കോതായിക്കുന്ന്, ഇടുക്കി റോഡ് ബസ് സ്റ്റോപ്പുകൾ നിലവിലുള്ള സ്ഥലത്ത് നിന്ന് 20 മീറ്റർ മുന്നോട്ടു നീക്കുക
മാർക്കറ്റ് റോഡ്, ഗാന്ധി സ്‌ക്വയർ മുതൽ കോതായിക്കുന്ന് വരെയുള്ള ഭാഗം വൺവേയാക്കുക
റോഡുകളിൽ സീബ്രാലൈനുകൾ തെളിക്കുക, ദിശാബോർഡുകൾ സ്ഥാപിക്കുക