വട്ടവട: വനംവകുപ്പ് പണ്ട് ചെയ്തിരുന്ന വനവല്ക്കരണ പരിപാടികളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി വരികയാണെന്ന് ഇരവികുളം വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ് പ്രസ്താവിച്ചു. പണ്ട് പുൽമേടുകളിൽ നട്ടുപിടിപ്പിച്ചിരുന്ന വാറ്റിൽ യൂക്കാലി അക്കേഷ്യമരങ്ങൾ പിഴുതുമാറ്റി, തനതു ആവാസ വ്യവസ്ഥ നിലനിർത്തുന്ന പ്രവർത്തനമാണ് ഇപ്പോൾ നടത്തി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഇരവികുളം നാഷണൽ പാർക്കുമായി ചേർന്ന് സംഘടിപ്പിച്ച പ്രകൃതി പഠനക്യാമ്പിൽ അന്തർദേശീയ ജൈവവൈവിധ്യദിനാചരണപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു വാർഡൻ. ചടങ്ങിൽ ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.