ചള്ളാവയൽ: റോഡിനെ സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ പരാതികൾ അറിയിക്കാനുള്ള ഫോൺ നമ്പറുകൾ വ്യാജമാണെന്ന് ആക്ഷേപം. മുട്ടം - ചള്ളാവയൽ - പുറവിള റോഡ് നവീകരണത്തിന് ശേഷം പൊതുമരാമത്ത് അധികൃതർ റോഡിന്റെ വശങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നവീകരണത്തിന് ശേഷം മുട്ടം - ചള്ളാവയൽ - പുറവിള റോഡിനെ സംബന്ധിച്ചുള്ള പൊതു ജനത്തിന്റെ പരാതികൾ അറിയിക്കാൻ ബോർഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറുകളാണ് വ്യാജമെന്ന് ആക്ഷേപം ഉയർന്നിരിക്കുന്നത്. മുട്ടം - ചള്ളാവയൽ - പുറവിള റോഡിന്റെ പരിധിയിലുള്ള പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനിയർ, റോഡ് നവീകരണം നടത്തിയ കരാറുകാരൻ, പൊതു മരാമത്ത് റോഡ് വിഭാഗത്തിന്റെ പരാതികൾ അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ എന്നിങ്ങനെ മൂന്ന് നമ്പറുകളാണ് ബോർഡിൽ നൽകിയിരിക്കുന്നത്. എന്നാൽ ഈ റോഡ് ഉൾപ്പെടുന്ന അസിസ്റ്റന്റ് എഞ്ചിനീയരുടെ ഫോൺ നമ്പരിൽ വിളിച്ചാൽ ഈ റോഡുമായി ബന്ധമില്ലാത്ത ഒരു സ്ത്രീയാണ് ഫോൺ എടുക്കുന്നത്. ഇവർക്ക് ഈ റോഡിനെ സംബന്ധിച്ച് യാതൊരു അറിവുമില്ല. കരാറുകാരന്റെ ഫോൺ നമ്പരിൽ പ്രദേശവാസികൾ ദിവസങ്ങളോളം വിളിച്ചിട്ടും കിട്ടുന്നുമില്ല. ചിലപ്പോൾ ഈ നമ്പരിൽ വിളിച്ചാൽ സ്വിച്ച് ഓഫാണ്. ചില സമയങ്ങളിൽ ബെല്ലടിക്കുന്നുണ്ടെങ്കിലും ആരും പ്രതികരിക്കുന്നുമില്ല എന്ന് ജനങ്ങൾ പറയുന്നു. ടോൾ ഫ്രീ നമ്പരിൽ വിളിച്ചാൽ നിലവിലില്ല എന്നുമാണ് പറയുന്നത്. മുട്ടം - ചള്ളാവയൽ - പുറവിള റോഡിന്റെ നവീകരണത്തിന് ശേഷം അടുത്ത നാളിൽ റോഡിന്റെ വിവിധ ഭാഗങ്ങളിൽ അപകടകരമായ ഗർത്തങ്ങൾ രൂപപെടുകയും ചിലയിടങ്ങളിൽ വശങ്ങൾ ഇടിഞ്ഞിട്ടുമുണ്ട്. ഡ്രൈവർമാർക്ക് റോഡ് കാണാൻ കഴിയാത്ത വിധം കാടും വള്ളിപ്പടർപ്പുകളും വ്യാപകമായി റോഡിലേക്ക് വളർന്നിട്ടുമുണ്ട്. അപകടമായ നിരവധി കൊടും വളവുകളും കയറ്റവും ഇറക്കവുമുള്ള റോഡാണ് ഇത്‌. റോഡിന്റെ ചില സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ വഴി വിളക്കുകൾ പ്രവർത്തിക്കാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്.