രാജാക്കാട്:സംഘടിത ശക്തികൾക്ക് സമ്പത്ത് ചോർത്തി നൽകുമ്പോൾ പിന്നാക്ക വിഭാഗങ്ങൾക്ക് എന്ത് കിട്ടുന്നു എന്നത് പരിശോധിക്കണമെന്ന് എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പിള്ളി നടേശൻ പറഞ്ഞു. നമുക്ക് ഒന്നും തരുന്നില്ല. മറ്റുള്ളവർക്കെല്ലാം വാരിക്കോരികൊടുക്കുകയാണ്. ജാതി പറയുന്നത് അപമാനമല്ല, അഭിമാനമാണെന്നും സമ്പത്ത് പങ്കിടുമ്പോൾ തുല്യ നീതി നൽകണമെന്നും എൻ. ആർ. സിറ്റി ഹയർസെക്കന്ററി സ്കൂളിൽ രാജാക്കാട് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ വിചാരയഞ്ജത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.ഈ രാജ്യത്ത് മതശക്തികളും സവർണ്ണ ശക്തികളും സംഘടിതരായി നിന്ന് വോട്ടുബാങ്കായി മാറിയിരിക്കുകയാണ്. ഇവർ രാജ്യത്തെത്തന്നെ ഹൈജാക്ക് ചെയ്ത് മുന്നോട്ട്പോകുകയാണ്. സംഘടനാശക്തികൊണ്ട് ഇത്തരം പ്രതിബന്ധങ്ങളെ തരണംചെയ്യാൻ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഗീതാമൃതം പ്രാർത്ഥന പുസ്തക പ്രകാശന കർമ്മം എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവ്വഹിച്ചു.യൂണിയൻ സെക്രട്ടറി കെ.എസ് ലതീഷ് കുമാർ സ്വാഗതം പറഞ്ഞു.
തൊടുപുഴ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ, ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, അടിമാലി യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് സുനു രാമകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തി. വി.എൻ. സലിംമാസ്റ്റർ, എൻ.ആർ വിജയകുമാർ, ആർ. അജയൻ, ഐബി പ്രഭാകരൻ, കെ.കെ രാജേഷ്, കെ.ആർ നാരായണൻ, ഡി.രാധാകൃഷ്ണൻ തമ്പി, കെ.കെ ഹരിദാസ്, രഞ്ജിത് പുറക്കാട്ട്,രജനി തങ്കച്ചൻ, വിഷ്ണു ശേഖരൻ, വിനീത സുഭാഷ്,ജോബി വാഴാട്ട്, അനൂപ് മുരളി, ജിജി ഹരിദാസ്, ജി. അജയൻ എന്നിവർ പ്രസംഗിച്ചു.
ശ്രീനാരായണ ധർമ്മ വിചാരയഞ്ജത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ യജ്ഞാചാര്യൻ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ആത്മീയപ്രഭാഷണവും പുതിയ ലോകത്തിലെ കുടുംബബന്ധങ്ങൾ എന്ന വിഷയത്തിൽ ഫാ.ജോസഫ് പുത്തൻപുരയ്ക്കലും എസ് എൻ ഡി പി യോഗവും സമകാലീന സംഭവങ്ങളും എന്ന വിഷയത്തിൽ യോഗം കൗൺസിലർ പി.ടി മന്മഥൻ പ്രഭാഷണവും നടത്തി .