അടിമാലി: വിവാദ മരം മുറി കേസിലെ ഒന്നാം പ്രതിയായ അടിമാലി മുൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജോജി ജോൺ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി. മങ്കുവയിൽ നിന്ന് തേക്കും തടികൾ വെട്ടി കടത്തിയതുമായി ബന്ധപ്പെട്ട് നൽകിയ ജാമ്യ ഹർജി വെള്ളിയാഴ്ച സുപ്രീംകോടതി തള്ളിയതോടെയാണ് മുൻ റേഞ്ച് ഓഫീസർ നേരിട്ട് ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ കോടതി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ഇദ്ദേഹം ഇന്നലെ രാവിലെ സ്റ്റേഷനിൽ എത്തി. പിന്നീട് വിശദമായ ചോദ്യം ചെയ്യൽ നടത്തി. രണ്ട് ദിവസം കൂടി ചോദ്യം ചെയ്യൽ തുടരുമെന്നും ഇതിന് ശേഷമാകും അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനിക്കുകയെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളത്തൂവൽ എസ്എച്ച്ഒ കെ. കുമാർ അറിയിച്ചത്. അടിമാലി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ വരുന്ന കൊന്നത്തടി വില്ലേജിൽ പെട്ട മങ്കുവയിൽ നിന്ന് 8 തേക്കു തടികൾ മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ടാണ് 6 മാസം മുൻപ് ഇദ്ദേഹത്തിനും മുക്കുടം സെക്ഷൻ ഫോറസ്റ്റർ സന്തോഷ് കുമാർ, വില്ലേജ് ജീവനക്കാരൻ രഞ്ജിത് എന്നിവരെ പ്രതിയാക്കി കെസ് എടുത്തത്. എന്നാൽ കേസിലെ പ്രധാന പ്രതിയായ ജോജി ജോൺ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇവിടെ നിന്ന് വെട്ടിയ 8 തേക്കു തടികളിൽ 6 എണ്ണം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും 2 എണ്ണം റവന്യൂ ഭൂമിയിൽ നിന്നുമാണെന്ന് നാട്ടുകാർ നൽകിയ പരാതിയിൽ വിജിലൻസ്, റവന്യൂ വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വെട്ടി കടത്തിയ തേക്ക് ഉരുപ്പടികൾ കുമളിയിൽ നിന്ന് ജോജി ജോണിന്റെ കുടുബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നും കണ്ടെടുത്തിരുന്നു. 4.41 ക്യുബിക് ഉരുപ്പടികൾ ആണ് കണ്ടെടുത്തത്. 2020 ഒക്ടോബറിൽ റവന്യൂ വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവിൽ ആണ് അടിമാലി റേഞ്ചിൽ പെട്ട മങ്കുവയിൽ നിന്ന് 8 തേക്ക് തടികൾ വെട്ടുന്നതിന് വനം വകുപ്പ് അനുമതി നൽകിയത്. ഇതിന് കൊന്നത്തടി വില്ലേജിൽ നിന്ന് കട്ടിംങ് പെർമിറ്റും നൽകിയിരുന്നു. സംഭവം വിവാദമായതോട ജോജി ജോണിനെ അടിമാലിയിൽ നിന്ന് പൊൻകുന്നം സോഷ്യൽ ഫോറസ്റ്ററിയിലേക്ക് സ്ഥലം മാറ്റി. അന്വേഷണത്തിന് ശേഷം സസ്‌പെൻഡും ചെയ്തു. നേരത്തെ ജോജി ജോൺ തടിക്കച്ചവടക്കാരും, റവന്യൂ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തി അടിമാലി റേഞ്ചിൽ നിന്ന് 62 പാസുകളും അധികച്ചുമതല വഹിച്ചിരുന്ന നേര്യമംഗലം റേഞ്ചിൽ നിന്ന് 92 പാസുകളും നൽകിയതായി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. മന്നാംകണ്ടം, ആനവിരട്ടി, വെള്ളത്തൂവൽ, കൊന്നത്തടി വില്ലേജുകളിലെ പട്ടയ ഉടമകളെ തെറ്റിദ്ധരിപ്പിച്ച് നടത്തിയ മരം കൊള്ളയിൽ അടിമാലി, വെള്ളത്തൂവൽ പോലീസ് സ്റ്റേഷനുകളിൽ ഇയാളെ ഒന്നാം പ്രതിയാക്കി കേസും എടുത്തിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തി വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ച റിപ്പോർട്ട് അടിസ്ഥാനത്തിലെ മരം മുറിക്കാൻ അനുമതി നൽകിയിട്ടുള്ളത് എന്ന് അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോൺ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കെതിരെ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്ന് സംശയമുണ്ട്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ജോജി ജോൺ പറഞ്ഞു. മരം മുറിക്കാൻ ഉള്ളത് പട്ടയഭൂമിയിൽ ആണെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. പട്ടയം ഭൂമിയിൽ ആണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് റവന്യൂ ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.