തൊടുപുഴ: റോഡിനെ സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ പരാതികൾ അറിയിക്കാനുള്ള വ്യാജ ഫോൺ നമ്പറുകൾ മാറ്റി സ്ഥാപിച്ചു.മുട്ടം - ചള്ളാവയൽ - പുറവിള റോഡ് നവീകരണത്തിന് ശേഷം പൊതുജനങ്ങൾക്ക് റോഡിനെ സംബന്ധിച്ചുള്ള പരാതികൾ അറിയിക്കുന്നതിന് റോഡിന്റെ വശങ്ങളിൽ ബോർഡുകൾ സ്ഥാപിച്ച് അതിൽ ഫോൺ നമ്പറുകൾ പ്രദർശിപ്പിച്ചിരുന്നു.എന്നാൽ റോഡിന്റെ നിലവിലുള്ള അപകടാവസ്ഥകൾ അധികൃതരെ അറിയിക്കുന്നതിന് ബോർഡിൽ നൽകിയിരിക്കുന്ന ഫോൺ നമ്പരുകളിൽ വിളിച്ചപ്പോഴാണ് ഫോൺ നമ്പരുകൾ വ്യാജമാണെന്ന് പ്രദേശവാസികൾ അറിയുന്നത്.മുട്ടം - ചള്ളാവയൽ - പുറവിള റോഡിന്റെ പരിധിയിലുള്ള പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ, റോഡ് നവീകരണം നടത്തിയ കരാറുകാരൻ, പൊതു മരാമത്ത് റോഡ് വിഭാഗത്തിന്റെ പരാതികൾ അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ എന്നിങ്ങനെ മൂന്ന് നമ്പറുകളാണ് ബോർഡിൽ നൽകിയിരിക്കുന്നത്. എന്നാൽ ഈ റോഡ് ഉൾപ്പെടുന്ന അസിസ്റ്റന്റ് എഞ്ചിനീയരുടെ ഫോൺ നമ്പരിൽ വിളിച്ചാൽ ഈ റോഡുമായി ബന്ധമില്ലാത്ത ഒരു സ്ത്രീയാണ് ഫോൺ എടുക്കുന്നത്.ഇവർക്ക് ഈ റോഡിനെ സംബന്ധിച്ച് യാതൊരു അറിവുമില്ല.റോഡ് നവീകരണം നടത്തിയ വർഗീസ് സ്‌ക്കറിയ എന്ന കരാറുകാരന്റെ ഫോൺ നമ്പരിൽ പ്രദേശവാസികൾ ദിവസങ്ങളോളം വിളിച്ചിട്ടും കിട്ടുന്നുമില്ല.ചിലപ്പോൾ ഈ നമ്പരിൽ വിളിച്ചാൽ സ്വിച്ച് ഓഫാണ്. ചില സമയങ്ങളിൽ ബെല്ലടിക്കുന്നുണ്ടെങ്കിലും ആരും പ്രതികരിക്കുന്നുമില്ല.ബോർഡിൽ നൽകിയ ടോൾ ഫ്രീ നമ്പരിൽ വിളിച്ചാൽ നിലവിലില്ല എന്നുമാണ് പറയുന്നത്.ഇത്‌ സംബന്ധിച്ച് "കേരള കൗമുദി" പത്രത്തിൽ ഇന്നലെ വാർത്ത നൽകിയിരുന്നു.ഇത്‌ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ട് 4 മണിയോടെ അസിസ്റ്റന്റ് എഞ്ചിനീയറുടെ നമ്പരും ടോൾ ഫ്രീ നമ്പരും മാറ്റി പുതിയത് സ്ഥാപിച്ചത്.റോഡിന്റെ ചില ഭാഗങ്ങളിൽ അപകടാവസ്ഥയിലുള്ള ഗർത്തങ്ങളും വശങ്ങൾ ഇടിഞ്ഞ് താഴ്ന്നിട്ടുമുണ്ട്.ഈ പ്രശ്നത്തിലും അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണം എന്നാണ് ചള്ളാവയൽ,തുടങ്ങനാട് പൗരസമിതിയുടെ ആവശ്യം.