തൊടുപുഴ: പുതിയ അദ്ധ്യയനവർഷത്തെ വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങി,പഴയ സ്‌കൂൾ കെട്ടിടങ്ങൾ മാറി ആധുനിക നിലവാരത്തിലുള്ള കെട്ടിടങ്ങളുമായി. . മദ്ധ്യ വേനലവധിക്ക് ശേഷം ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കാനൊരുങ്ങുമ്പോൾ .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമ്മിച്ച ഹൈടെക് സ്‌കൂൾ കെട്ടിടങ്ങളും ക്ലാസ് മുറികളും അവസാനവട്ട മിനുക്ക്പണികൾ പൂർത്തിയാവുകയാണ്.
ജില്ലയിലെ 496 വിദ്യാലയങ്ങളിലും പ്രവേശനോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടം വിദ്യാഭ്യാസ ഓഫീസർ തലത്തിൽ അവലോകനം ചെയ്തു വരുന്നു.
ജില്ലയിൽ നിലവിൽ പ്രവർത്തിച്ചുവരുന്ന 59 ഏകാദ്ധ്യാപക വിദ്യാലയങ്ങളിൽ (എം.ജി.എൽ.സി.) 7 എണ്ണം ഒഴികെ മറ്റുള്ളവ സർക്കാർ നിർദ്ദേശ പ്രകാരം നിർത്തലാക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് വി.എ പറഞ്ഞു. എം.ജി.എൽ.സി ഒഴികെ എല്ലാ സ്‌കൂളുകളും ജൂൺ ഒന്നിന് തുറക്കും. കുട്ടികളുടെ സുരക്ഷക്ക് പ്രധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ എല്ലാ ജില്ലാ ഉപജില്ലാതലത്തിലും നിരീക്ഷിച്ചു വരികയാണ്. കുടിവെള്ള പരിശോധന, കാട്വെട്ടിത്തെളിക്കൽ, പൊത്തുകൾ അടക്കൽ എന്നിവ നടത്തുന്നുണ്ട്. ചുറ്റുമതിൽ ലഭ്യമല്ലാത്ത 99 വിദ്യാലയങ്ങളുടെ പട്ടിക ജില്ല പഞ്ചായത്തിന് തുടർ നടപടികൾക്കായി കൈമാറിയിട്ടുണ്ട്.
ഈ വർഷത്തെ ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം ജി.റ്റി.എച്ച്.എസ്. മുരിക്കാട്ടുകുടിയിൽ നടത്തും. കൂടാതെ സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി പണി പൂർത്തികരിച്ച ജി.യു.പി.എസ്. പൈനാവ്, ജി.യു.പി.എസ്. ഏലപ്പാറ എന്നീ വിദ്യാലയങ്ങളുടെ ഉദ്ഘാടനംമേയ് 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
സ്കൂൾ തുറക്കൽ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഷീബ ജോർജ്ജ്, വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് വി.എ, വിവിധ വകുപ്പ് ജില്ലാ തല മേധാവികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പാഠപുസ്തകങ്ങൾ
റെഡി
ജില്ലയ്ക്ക് ആവശ്യമുള്ള 7,85,828 പുസ്തകങ്ങളിൽ 85ശതമാനം ജില്ലാ ഹബ്ബിൽ എത്തിച്ചേരുകയും അവിടുന്ന് സ്‌കൂൾ സൊസൈറ്റി, സ്‌കൂൾ, കുട്ടികൾ എന്നിവരിലേയ്ക്ക് മേയ് 30നുള്ളിൽ എത്തിക്കാനുള്ള ക്രമികരണങ്ങൾ നടത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കുള്ള വാക്‌സിനേഷൻ പ്രവർത്തനങ്ങൾ മേയ് 31ന് ഉള്ളിൽ നൂറ് ശതമാനം പൂർത്തീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവരുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.