തൊടുപുഴ:ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഭിന്നശേഷിക്കാരായ എല്ലാവർക്കും ഏകീകൃത തിരിച്ചറിയൽ കാർഡും (യു.ഡി.ഐ.ഡി) മെഡിക്കൽ സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നത് ഊർജിതമാക്കാൻ ജില്ലാ ക്യാമ്പയിനുമായി സാമൂഹ്യനീതി വകുപ്പ്. ജില്ലാഭരണകൂടം ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ജില്ലയിൽ കാംപയിൻ സംഘടിപ്പിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഭിന്നശേഷിക്കാർക്ക് നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങൾക്കും അടിസ്ഥാനമായ ഭിന്നശേഷി തെളിയിക്കുന്ന ആധികാരിക രേഖയാണ് യു.ഡി.ഐ.ഡി കാർഡ്. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗം ചേർന്നു.

അക്ഷയ കേന്ദ്രങ്ങൾ, ജനസേവ കേന്ദ്രങ്ങൾ, കമ്പ്യൂട്ടർ സെന്ററുകൾ എന്നിവ മുഖേന റജിസ്‌ട്രേഷൻ നടത്തുന്നതിന് അപേക്ഷകൻ നേരിട്ട് ഹാജരാകേണ്ടതില്ല. അപേക്ഷയും അപ് ലോഡ് ചെയ്യേണ്ട ഫോട്ടോ, ഒപ്പ് വിരൽ അടയാളം, ആധാർ കാർഡ്, സർട്ടിഫിക്കറ്റ് എന്നിവയുമായി മറ്റാരെങ്കിലും എത്തി റജിസ്‌ട്രേഷൻ നടത്താം. നിലവിൽ മെഡിക്കൽ ബോർഡ് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഇല്ലാത്തവർക്കും www.swavlambancard.gov.in എന്ന വെബ്‌സൈറ്റ് വഴി റജിസ്‌ട്രേഷൻ പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് തിരിച്ചറിയാൽ കാർഡ് അവരവരുടെ വീടുകളിൽ എത്തുകയും സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എടുക്കുന്ന സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കുകയും ചെയ്യും. മേയ് 31നകം എല്ലാ അംഗപരിമിതരും രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.